ജിദ്ദ: അറേബ്യൻ ഗൾഫ് കപ്പിന്റെ 27-ാം പതിപ്പിൽ ഇന്ന് സൗദി അറേബ്യയും യുഎഇയും ഫൈനലിൽ ഏറ്റുമുട്ടും. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ സൗദി സമയം രാത്രി 9 മണിക്കാണ് പോരാട്ടം. ഗൾഫ് കപ്പിൽ ഇരുടീമുകളും ഇതുവരെ 18 തവണ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഫൈനലിൽ നേർക്കുനേർ വരുന്നത്. നീണ്ട 10 വർഷത്തെ കിരീട വരൾച്ചക്ക് വിരാമമിടാനാണ് യുഎഇ കലാശപ്പോരിനിറങ്ങുന്നത്. സൗദിക്ക് 2003ന് ശേഷം ഗൾഫ് കപ്പിൽ മുത്തമിടാനും കഴിഞ്ഞിട്ടില്ല.
നിലവിലെ ഫൈനൽ ഉൾപ്പെടെ 11-ാം തവണയാണ് സൗദി ഗൾഫ് കപ്പ് ഫൈനൽ കളിക്കുന്നത്. യുഎഇ രണ്ടും സൗദി മൂന്നും തവണയാണ് ടൂർണമെന്റ് വിജയിച്ചത്. ഗൾഫ് കപ്പ് സെമിഫൈനലിൽ മൂന്ന് തവണ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. 2007ൽ യുഎഇ 1-0ന് ജയിച്ചപ്പോൾ, 2010ൽ സൗദി 1-0നും 2014ൽ 3-2നും വിജയിച്ചു. ആറ് തവണ യുഎഇ ഗൾഫ് കപ്പ് ഫൈനലിലെത്തിയിട്ടുണ്ട്. ഇതിൽ 2007ലും 2013ലും കിരീടം നേടിയപ്പോൾ, 1986, 1988, 1994, 2017 വർഷങ്ങളിൽ റണ്ണറപ്പായി. മികച്ച റെക്കോർഡുകളുള്ള രണ്ട് ടീമുകൾ ഫൈനലിനിറങ്ങുമ്പോൾ തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം.










