ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് കോലിക്കരയിലെ 22-ാം നമ്പർ അംഗൻവാടിയുടെ പുതിയ കെട്ടിട നിർമാണോദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് അംഗം അസ്ഹർ പെരുമുക്ക് കുറ്റിയടിക്കൽ കർമം നിർവഹിച്ചു. പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ അത്യാധുനിക രീതിയിലുള്ള വായനശാലയും സജ്ജമാക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ഫസീല ഷൗക്കത്ത് സ്വാഗതം ആശംസിച്ചു.
ആസൂത്രണ സമിതി അംഗം ഷാനവാസ് വട്ടത്തൂർ, നിർമാണത്തിനായി സ്ഥലം വിട്ടുനൽകിയ ഡോ. കൃഷ്ണൻ ചങ്ങരംകുളം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈറുദ്ദീൻ പറമ്പ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫവാസ് മാളിയേക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷറീന ഇസ്മായിൽ, കെ.വി. സിദ്ധീഖ്, സിന്ധു ടീച്ചർ, മുൻ വൈസ് പ്രസിഡന്റ് എം.കെ. അൻവർ, കെ.വി. മാമു വളയംകുളം എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.ചടങ്ങിൽ അംഗൻവാടി വിദ്യാർഥികളും രക്ഷിതാക്കളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.








