തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പാതകളിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്തതിന് 1,08,43,600 രൂപ പിഴ ഈടാക്കി. 32,385 വാഹനങ്ങളിൽ നിന്നായാണ് പിഴ. ഗതാഗതതടസ്സവും റോഡപകടങ്ങളും കുറയ്ക്കാൻ കേരള പോലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം ഏഴുദിവസം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
സംസ്ഥാനപാതകളിൽ 8,764, ദേശീയപാതകളിൽ 8,441, മറ്റു പാതകളിൽ 15,180 എന്നിങ്ങനെയാണ് നിയമലംഘനങ്ങളുടെ കണക്ക്. സംസ്ഥാനത്തെ ഹൈവേ പട്രോളിങ് വിഭാഗം വരുംദിവസങ്ങളിലും നിരന്തര പരിശോധനയ്ക്ക് ഹൈവേ പട്രോളിങ് സംഘത്തിനു നിർദേശം നൽകി.ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐ.ജി.യുടെ നിർദേശപ്രകാരം ട്രാഫിക് നോർത്ത് സോൺ, സൗത്ത് സോൺ എസ്.പി.മാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ചായിരുന്നു പരിശോധനകൾ. ഗതാഗത നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 9747001099 എന്ന ശുഭയാത്ര വാട്സാപ്പ് നമ്പരിൽ അറിയിക്കാം.







