ശിശുക്ഷേമ സമിതിയിൽ പാർപ്പിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചത് ഒറ്റപ്പെട്ട സംഭവമെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി. നഖം കൊണ്ട് നുള്ളിയ ഒരു ചെറിയ പാട് മാത്രമാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിലുള്ളതെന്നും കുറ്റം ചെയ്ത ആയമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അരുൺ ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്. എങ്കിലും സംഭവിക്കാൻ പാടില്ലാത്തത് എന്നുതന്നെയാണ് ഞങ്ങളുടെ നിലപാട്. ആ നിലപാടിന്റെ ഭാഗമായിട്ടാണ് ആയമാർക്കെതിരെ നടപടി സ്വീകരിച്ചത്. മുമ്പൊന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടില്ല. താൽക്കാലിക ജീവനക്കാരാണ് ആരോപണവിധേയരായ മൂന്ന് ആയമാരും. ഏറ്റവും കൂടുതൽ താൽക്കാലിക ജീവനക്കാരാണ് ഇവിടെയുള്ളത്.
കുട്ടികളെ നോക്കാൻ ആളുകളെ കിട്ടാതെ വന്നപ്പോൾ കരാർ അടിസ്ഥാനത്തിൽ നിയമിച്ചതാണ്. ഒരു കുട്ടി ആശുപത്രിയിലായാൽ രണ്ട് ആയമാർ കുഞ്ഞിനെ നോക്കാൻ വേണം. വലിയ സാമ്പത്തിക പ്രതിസന്ധിയും ബാദ്ധ്യതയുമൊക്കെയാണ് ഈ സ്ഥാപനം നടത്തിക്കൊണ്ടുപോകാനായി നേരിടുന്നത്. ഒരുപാട് പേരുടെ സഹായത്തോടെയും പിന്തുണയോടെയുമാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
കുട്ടി ഇപ്പോൾ ആരോഗ്യവതിയാണ്. നഖം കൊണ്ട് നുള്ളിയ ഒരു ചെറിയ പാട് മാത്രമാണ് ഇപ്പോൾ കാണാനുള്ളത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നടപടി സ്വീകരിച്ചു. ഏഴ് പേരെ പിരിച്ചുവിട്ടു. അതിൽ നിന്നാണ് പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. ഈ ഭരണസമിതി വന്നതിന് ശേഷം കുട്ടികളുടെ പരിചരണവുമായി ബന്ധപ്പെട്ട് പ്രത്യേക പരിശീലനം എല്ലാവർക്കും നൽകിയതാണ്’,- അരുൺ ഗോപി വ്യക്തമാക്കി.
കിടക്കയിൽ മൂത്രമൊഴിച്ചതിന് ശിക്ഷയായാണ് ആയമാർ കുഞ്ഞിനെ ഉപദ്രവിച്ചത്. സംഭവത്തിൽ മൂന്ന് ആയമാർക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവച്ചതിനുമാണ് കേസ് എടുത്തത്.