എരമംഗലം:സമകാലിക സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് പ്രവാചക അധ്യാപനങ്ങളിലേക്ക് മടങ്ങുകയാണ് പരിഹാരമെന്ന് പ്രഖ്യാപിച്ച് ബൈത്താനിയ്യ ദർസ് & ദഅവാ കോളേജ് അയിരൂർ സംഘടിപ്പിക്കുന്ന മനാറുൽ മീലാദ് സമ്മേളനം സെപ്റ്റംബർ 17 മുതൽ 21 വരെ അഞ്ചു ദിവസങ്ങളിലായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
മൗലൂദ് പാരായണം, പതാക ഉയർത്തൽ, ബുർദ്ദ മജ്ലിസ്, സാംസ്‌കാരിക സമ്മേളനം, ഗ്രാൻഡ് മീലാദ് റാലി, കലാ മത്സരങ്ങൾ, സ്വലാത്ത് മജ്‌ലിസ്, സമാപന സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ.ബുധനാഴ്ച വൈകുന്നേരം 6.30-ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ ഉദ്ഘാടനം ചെയ്യും.കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് സീതികോയ തങ്ങൾ പ്രാർത്ഥന നിർവഹിക്കും. ബൈത്താനിയ്യ ദർസ് & ദഅവാ കോളേജ് ചെയർമാൻ അബു താഹിർ ബാഖവി സ്വാഗതം ആശംസിക്കും. ബഹു. ശ്രീമദ് സ്വാമി ആത്മദാസ് യമി, ഷുഹൈബ് ഹൈത്തമി, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി തുടങ്ങിയവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കളും ആശംസകൾ അർപ്പിക്കും.
സെപ്റ്റംബർ 18-നും 19-നും ഓഫ് സ്റ്റേജ് പ്രോഗ്രാമുകളും കലാ മത്സരങ്ങളും നടക്കും. സെപ്റ്റംബർ 20-ന് നടക്കുന്ന ഗ്രാൻഡ് മീലാദ് റാലിയിൽ ദഫ് സംഘങ്ങൾ, ഫ്ളവർ ഷോ, സ്കൗട്ട് സംഘങ്ങൾ തുടങ്ങി നിരവധി കലാസംഘങ്ങൾ അണിനിരക്കും. വൈകുന്നേരം 3-ന് എരമംഗലം മഖാം സിയാറത്തോടുകൂടി ആരംഭിക്കുന്ന റാലിക്ക് ശേഷം ദർസ് വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും ദഫ് മത്സരങ്ങളും അരങ്ങേറും. റഫീഖ് ബാഖവി ആതവനാട് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഷംസുദ്ധീൻ എൻ സ്വാഗതം പറയും.
സെപ്റ്റംബർ 21-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കലാ മത്സരങ്ങളും സ്വലാത്ത് മജ്ലിസും നടക്കും.ജുനൈദ് ബാഖവി പ്രാർത്ഥന നടത്തും. സൈദ് മുഹമ്മദ് ഇ.കെ സ്വാഗതം ആശംസിക്കും. അശ്റഫ് അൽഅമീൻ, കുഞ്ഞുമുഹമ്മദ് സവാരി തുടങ്ങിയവർ സമ്മാനദാനം നിർവഹിക്കും.
മാറഞ്ചേരി വന്നേരിനാട് പ്രസ്സ് ഫോറത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബൈത്താനിയ ദർസ് & ദഅവാ കോളേജ് ചെയർമാൻ അബു താഹിർ ബാഖവി, സംരക്ഷണ സമിതി ചെയർമാൻ യു. മുഹമ്മദാലി,കൺവീനർ മുഹമ്മദ് കുട്ടി പേരോത്തയിൽ, സ്വാഗതസംഘം ചെയർമാൻ സി. മുസ്തഫ, കൺവീനർ എൻ. ഷംസുദ്ദീൻ,പ്രോഗ്രാം കോഡിനേറ്റർമാരായ അൽ അമീൻ അഷറഫ്, സവാരി കുഞ്ഞുമുഹമ്മദ്, മുഹമ്മദ് ചേരിക്കല്ല്, കുഞ്ഞുമോൻ ആന്തൂർ എന്നിവർ പങ്കെടുത്തു.