ഉംറക്ക് പോകാൻ അറബിയിൽനിന്ന് പണം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് മൂന്നേമുക്കാൽ പവൻ സ്വർണം തട്ടിയയാൾ പിടിയിൽ. അരീക്കോട് ഊർങ്ങാട്ടിരി തച്ചണ്ണ നടുവത്ത്ചാലിൽ അസൈനാരാണ് (66) അറസ്റ്റിലായത്. കൊണ്ടോട്ടി സ്വദേശിയായ 50കാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഈ മാസം അഞ്ചിന് ഉച്ചക്ക് ഒന്നരയോടെ ജസീല ജങ്ഷന് സമീപമുള്ള ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. ഉംറക്ക് പോകാനായി അറബി സാഹായിക്കുമെന്നും മഞ്ചേരിയിലെ ഹോട്ടൽ മുറിയിൽ അറബിയുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരിയെ കൂട്ടികൊണ്ടുവരികയായിരുന്നു
ഇതിനിടെ ധരിച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ കണ്ടാൽ അറബി സഹായിക്കില്ലെന്നും ഇവ ബാഗിൽ വെക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. ഇത് സ്ത്രീ അനുസരിക്കുകയും ചെയ്തു. അറബി എത്തുന്നതുവരെ ചായ കുടിക്കാമെന്നും പറഞ്ഞ് ഹോട്ടലിലേക്കെത്തി ചായ കുടിച്ച ശേഷം പ്രതി പാർസൽ ഓർഡർ ചെയ്തു.
പാർസൽ വാങ്ങാൻ സ്ത്രീയോട് ആവശ്യപ്പെട്ടു. ഇതിനിടെ സ്ത്രീയുടെ ബാഗ് മോഷ്ടിച്ച് അസൈനാർ ഹോട്ടലിൽനിന്നും കടന്നു കളയുകയുമായിരുന്നു. സ്ത്രീയുടെ ബാഗിൽ നിന്നും വള, മാല, മോതിരം എന്നിവയാണ് നഷ്ടമായത്.
മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ സമാനമായ പത്തിലധികം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു