തിരുവനന്തപുരം: സംസ്ഥാനത്ത് 2024-25 സംഭരണ വർഷത്തിൽ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വിലയായി 1645 കോടി രൂപയിൽ 1403 കോടി രൂപയും വിതരണം ചെയ്തതായി മന്ത്രി ജി.ആർ. അനിൽ. ബാക്കി തുകയായ 242 കോടി രൂപ ഈ ആഴ്ച തന്നെ കർഷകരുടെ അക്കൗണ്ടുകളിൽ എത്തുമെന്നും, എന്നാൽ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഈ വർഷം കേന്ദ്ര സർക്കാരിൽ നിന്ന് ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. എ പ്രഭാകരൻ എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ സംഭരണ വർഷത്തിൽ സംസ്ഥാനത്തെ കർഷകരിൽ നിന്ന് 5.8 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ ആകെ മൂല്യം 1645 കോടി രൂപയാണ്. ഇതിൽ ഭൂരിഭാഗം തുകയും സർക്കാർ ഇതിനകം നൽകിക്കഴിഞ്ഞു. ബാക്കിയുള്ള 242 കോടി രൂപ കർഷകർക്ക് നൽകുന്നതിനായി സപ്ലൈകോ ബാങ്കുകളെ ഏൽപ്പിച്ചതായും ഈ ആഴ്ചയോടെ വിതരണം പൂർത്തിയാക്കാൻ കഴിയുമെന്നും മന്ത്രി സഭയ്ക്ക് ഉറപ്പുനൽകി.അതേസമയം, നെല്ല് സംഭരണത്തിൽ കേന്ദ്ര സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായം പൂർണ്ണമായും നിലച്ചിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ വർഷത്തെ നെല്ല് സംഭരണത്തിന് ആവശ്യമായ 1645 കോടി രൂപയിൽ ഒരു പൈസ പോലും കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടില്ല. ഇതിന് പുറമെ, 2017-18 കാലഘട്ടം മുതലുള്ള കുടിശ്ശികയായി 126 കോടി രൂപയും കേന്ദ്രം സംസ്ഥാനത്തിന് നൽകാനുണ്ട്. ഇതെല്ലാം ചേരുമ്പോൾ ഏകദേശം 2851 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്ന് നെല്ല് സംഭരണ ഇനത്തിൽ സംസ്ഥാനത്തിന് ലഭിക്കാനുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പിആർഎസ് ഹാജരാക്കുന്ന മുറയ്ക്ക് കർഷകർക്ക് പണം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു