വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അതിലൊരാളുടെ നില അതീവഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. ചികിത്സ സംബന്ധിച്ച് സാധ്യമായതെല്ലാം ചെയ്യുമെന്നും മെഡിക്കൽ ബോർഡ് പ്രത്യേകമായി ചേരുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പരമാവധി കഴിയാവുന്നതെല്ലാം ചെയ്ത് ചികിത്സയിലുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനായാണ് ശ്രമിക്കുന്നത്. മൂന്നുപേർ വെന്റിലേറ്റഡ് ആണ്. അവരിലൊരാൾക്ക് മസ്തിഷ്ക ശസ്ത്രക്രിയ ചെയ്തു. ഒരാൾക്ക് ഒന്നിലധികം ഫ്രാക്ചറുകളുണ്ട്. ആകെ പതിനൊന്നുപേരിൽ അഞ്ചുപേരും ആശുപത്രിയിൽ എത്തിക്കുംമുമ്പേ മരണമടഞ്ഞു. ഒരാൾക്ക് മറ്റു മുറിവുകളോ പരിക്കുകളോ ഒന്നുമില്ല, പക്ഷേ മെന്റൽ ഷോക്കുണ്ട്. ബ്രെയിൻ സർജറി ചെയ്തയാൾ രാവിലെ കണ്ണുതുറന്നിരുന്നു, അത് പോസിറ്റീവായ കാര്യമാണ്.- മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കോളേജിലെ സെന്‍ട്രല്‍ ല്രൈബറി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. ഒന്നരമണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിന് ശേഷം അഞ്ച് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ അവരവരുടെ സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി. പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ പോലീസ് അകമ്പടിയോടെയാണ് മൃതദേഹങ്ങള്‍ വിദ്യാര്‍ഥികളുടെ നാട്ടിലേക്ക് കൊണ്ടുപോയത്. കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജബ്ബാറിന്റെ മൃതദേഹമാണ് ആദ്യം കാമ്പസില്‍നിന്ന് കൊണ്ടുപോയത്. പിന്നാലെ മറ്റുള്ളവരുടെ മൃതദേഹങ്ങളും ആംബുലന്‍സുകളില്‍ കാമ്പസില്‍നിന്ന് പുറത്തേക്ക് യാത്രയായി. മരിച്ചവരില്‍ ശ്രീദീപ് വത്സന്റെ സംസ്‌കാരചടങ്ങുകള്‍ ചൊവ്വാഴ്ച വൈകിട്ട് പാലക്കാട് ചന്ദ്രനഗര്‍ ശ്മശാനത്തില്‍ നടക്കും. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് ഇബ്രാഹിമിന്റെ കബറടക്കം എറണാകുളത്ത് നടത്താനാണ് തീരുമാനം.
ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികളായ അഞ്ചുപേരാണ് തിങ്കളാഴ്ച രാത്രി ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്കിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കെ.എസ്.ആര്‍.ടി.സി. ബസ്സിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം.
കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.