കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയില്‍ ഇഡിക്ക് എതിരെ വിമര്‍ശനം. നേതാക്കളെ ഇഡി വേട്ടയാടുന്നുവെന്ന് ആരോപണം. 9 ജില്ലാ കമ്മിറ്റികളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു.ഇഡി സംസ്ഥാനത്തെ നേതാക്കളെ വേട്ടയാടുന്നതെന്ന് ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധി പറഞ്ഞു. പിഎംഎല്‍എ കേസില്‍ എസ്എഫ്‌ഐ നേതാവ് പ്രതിയാക്കപ്പെട്ടു എന്ന് പി എസ് സഞ്ജീവ് പറഞ്ഞു. കേന്ദ്രനേതൃത്വം ഇടപെടണമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
വിപുലീകൃത സംസ്ഥാന സമിതിയില്‍ നിന്ന് നല്ല സന്ദേശം നല്‍കാന്‍ ആകണമെന്നും ആവശ്യമുയര്‍ന്നു. പൊതുചര്‍ച്ചയിലാണ് പ്രതിനിധികള്‍ ഈ ആവശ്യം ഉന്നയിച്ചത്. തിരുത്തല്‍ നടപടി ആലോചിക്കുന്ന യോഗത്തെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ആ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള തീരുമാനങ്ങളും നടപടികളും വേണം. അല്ലാത്തപക്ഷം പ്രവര്‍ത്തകര്‍ നിരാശരായി മാറും എന്നും ചര്‍ച്ചയില്‍ മുന്നറിയിപ്പുണ്ട്.
പാര്‍ട്ടിയുടെ നവമാധ്യമ വിഭാഗത്തെ നവീകരിക്കാനും നിര്‍ദ്ദേശമുണ്ട്. മികച്ച സാങ്കേതിക പരിജ്ഞാനമുള്ള വ്യക്തികളെ ടീമുകളില്‍ ഉള്‍പ്പെടുത്തും. കേരള സമൂഹത്തിലെ വലതുപക്ഷ വ്യതിയാനത്തെക്കുറിച്ച് പ്രത്യേകം പഠനം നടത്തും. പാര്‍ട്ടിയുടെ ഗവേഷണ സംവിധാനങ്ങള്‍ ഉപയോഗിച്ചാകും പഠനം
തിരുത്തല്‍ രേഖയിലെ പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ നേതൃത്വത്തിന്റെ മറുപടി എന്തെന്ന് അറിയാന്‍ രാഷ്ട്രീയ ആകാംഷയുണ്ട്. രണ്ട് ദിവസം നീണ്ട ചര്‍ച്ചയില്‍ നേതൃമാറ്റ ആവശ്യം ഉയര്‍ന്നില്ല. ഒരു ലക്ഷം പേര്‍ അണിനിരക്കുന്ന ബഹുജന റാലിയോടെ വിപുലീകൃത സംസ്ഥാന സമിതി ഇന്ന് സമാപിക്കും.







