എടപ്പാൾ: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമഗ്ര പരിചരണവും പുനരധിവാസ സേവനങ്ങളും ഉറപ്പാക്കിക്കൊണ്ട് പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി ബേസ്ഡ് ഇന്റർവെൻഷൻ സെന്റർ (സി.ബി.ഐ.സി.) ശ്രദ്ധേയമാകുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 850-ഓളം കുട്ടികൾക്കാണ് കേന്ദ്രത്തിലൂടെ സൗജന്യ തെറാപ്പി സേവനങ്ങൾ ലഭ്യമാക്കിയത്.
എടപ്പാൾ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് (സി.എച്ച്.സി.) സി.ബി.ഐ.സി. പ്രവർത്തിക്കുന്നത്. സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, സൈക്കോളജി, സ്പെഷൽ എജ്യുക്കേഷൻ, ഓഡിയോളജി തുടങ്ങി കുട്ടികളുടെ മാനസിക-ശാരീരിക വളർച്ചയ്ക്ക് ആവശ്യമായ എല്ലാ പ്രധാന സേവനങ്ങളും വിദഗ്ധരുടെ നേതൃത്വത്തിൽ പൂർണ്ണമായും സൗജന്യമായി ഇവിടെ നൽകിവരുന്നു.
ഓട്ടിസം, സെറിബ്രൽ പാൾസി, സംസാര വൈകല്യങ്ങൾ, പഠന വൈകല്യങ്ങൾ എന്നിവ നേരിടുന്ന 12 വയസ്സുവരെയുള്ള കുട്ടികൾക്കാണ് പ്രധാനം നൽകി കേന്ദ്രത്തിൽ ചികിത്സ ലഭ്യമാക്കുന്നത്. സാധാരണക്കാർക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തുന്ന തെറാപ്പി സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നത് മലയോര-തീരദേശ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾക്കാണ് വലിയ ആശ്വാസമാകുന്നത്.







