ന്യൂഡൽഹി: ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു. റഷ്യയുടെ പ്രമുഖ റെയിൽവെ നിർമാണ കമ്പനിയായ ട്രാൻസ്മാഷ്ഹോൾഡിംഗ് (ടിഎംഎച്ച്) മണിക്കൂറിൽ 360 കിലോമീറ്റർ വേഗതയുള്ള ഇവോൾഗ എഫ്ജി അതിവേഗ ട്രെയിൻ ഇന്ത്യയിൽ സംയുക്തമായി നിർമിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തി. ഇന്ത്യയുമായുള്ള നിലവിലെ പങ്കാളിത്തം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് റഷ്യയുടെ പുതിയ നീക്കം.
റഷ്യൻ എഞ്ചിനീയറിംഗ്, ശാസ്ത്രീയ വൈദഗ്ദ്ധ്യം എന്നിവ പ്രയോജനപ്പെടുത്തി അതിവേഗ റെയിൽവെ സാങ്കേതികവിദ്യയിൽ സംയുക്ത ഗവേഷണവും വികസനവുമാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണത്തിനായി ടിഎംഎച്ച് കമ്പനിയും ആർവിഎൻഎല്ലും ചേർന്ന് രൂപീകരിച്ച കൈനറ്റ് റെയിൽവെ സൊല്യൂഷൻസ് എന്ന സംയുക്ത സംരംഭത്തിലൂടെ റഷ്യൻ കമ്പനി ഇതിനകം ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്നുണ്ട്.
മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള മറാത്തവാട റെയിൽ കോച്ച് ഫാക്ടറിയിൽ 16 കോച്ചുകൾ വീതമുള്ള 120 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിർമിക്കുന്ന പ്രവൃത്തികളാണ് നിലവിൽ പുരോഗമിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ആദ്യ വന്ദേ ഭാരത് സ്ലീപ്പർ പ്രോട്ടോടൈപ്പ് 2027 മാർച്ചിനുള്ളിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ തങ്ങളുടെ ശക്തമായ നിർമാണ സാന്നിദ്ധ്യവും പങ്കാളിത്തവും മുൻനിർത്തിയാണ് വന്ദേ ഭാരത് പദ്ധതികൾക്ക് പുറമെ തികച്ചും വ്യത്യസ്തമായ ഈ പുതിയ അതിവേഗ ട്രെയിൻ പദ്ധതി എന്ന ആശയവുമായി റഷ്യ രംഗത്തെത്തിയിരിക്കുന്നത്.










