സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ് 80’s ട്രെൻഡ്. 80-കളിലാണ് നിങ്ങൾ ജീവിച്ചിരിക്കുന്നതെങ്കിൽ കാണാൻ എങ്ങനെയിരിക്കും എന്നറിയാനുള്ള കൗതുകമുണ്ടെങ്കിൽ നിങ്ങളുടെ ഫോട്ടോയെ സെൽഫിയോ ChatGPT-യിൽ അപ്‌ലോഡ് ചെയ്ത് നിർദിഷ്ട പ്രോംപ്റ്റ് നൽകിയാൽ മാത്രംമതി. ആരെയും വിസ്മയിപ്പിക്കുന്ന ചിത്രം നിർമിതബുദ്ധി (എഐ) നിർമിച്ചിനൽകും. ഇത്തരം ട്രെൻഡുകൾ കാട്ടുതീപോലെയാണ് പടർന്നുപിടിക്കാറുള്ളതെങ്കിലും അവയ്ക്ക് പിന്നിൽ സ്വകാര്യതയുമായി ബന്ധപ്പെട്ട അപകടങ്ങളും ഒളിച്ചിരിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് നൽകുകയാണ് സൈബർ സുരക്ഷാ വിദഗ്ധർ.
ഇത്തരം വൈറൽ ട്രെൻഡുകൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതിന് പിന്നിൽ എഐ കമ്പനികളുടെ ബോധപൂർവമായ നീക്കങ്ങളുണ്ടോ എന്നും വിദഗ്ധർ പലരും സംശയം ഉന്നയിക്കുന്നുണ്ട്. എഐ മോഡലുകൾക്ക് കാര്യക്ഷമത വർധിപ്പിക്കാനുള്ള ഡാറ്റാസെറ്റ് ലഭ്യമാക്കുന്ന ഇത്തരം വൈറൽ ട്രെൻഡുകൾ സൃഷ്ടിക്കാൻ കമ്പനികൾ ബോധപൂർവ്വമായ ശ്രമം നടത്തുന്നുണ്ടോ എന്ന ചോദ്യമാണ് സൈബർ സുരക്ഷാ വിദഗ്ധർ ഉന്നയിക്കുന്നത്.
സ്വകാര്യതയ്ക്ക് ഭീഷണി എന്താണ്?
സ്വകാര്യതയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ഉള്ള ആശങ്കകളും ഇത്തരം വൈറൽ ട്രെൻഡുകൾ ഉയർത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. വ്യക്തികളുടെ മുഖങ്ങൾ, പശ്ചാത്തലങ്ങൾ, മെറ്റാഡാറ്റ, രേഖകൾ, കുട്ടികൾ, യൂണിഫോമുകൾ, വിലാസങ്ങൾ അല്ലെങ്കിൽ ലൊക്കേഷൻ സൂചനകൾ എന്നിവയുൾപ്പെടെ യഥാർത്ഥ ചിത്രത്തിലെ ഡാറ്റയാണ് സ്വകാര്യതയ്ക്ക് പ്രധാന ഭീഷണി ഉയർത്തുന്നത്.
എഐ പ്ലാറ്റ്ഫോമുകൾ അവയുടെ സ്വകാര്യതാ നയങ്ങൾക്കും ഉപയോക്താക്കളുടെ ഡാറ്റാ കൺട്രോൾ സെറ്റിങ്‌സിനും അനുസൃതമായി അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ പ്രോസസ്സ് ചെയ്യുകയും ദീർഘകാലം സൂക്ഷിക്കുകയും ചെയ്തേക്കാം. അതിനാൽ വ്യക്തിഗത ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കൾ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. പ്രധാനപ്പെട്ട സ്വകാര്യ വിവരങ്ങളടങ്ങിയ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം സ്വകാര്യ വിവരങ്ങൾ ക്രോപ്പ് ചെയ്ത് മാറ്റുക. അനുവാദമില്ലാതെ മറ്റ് ആളുകളുടെ മുഖത്തിന്റെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യരുത്. സംശയാസ്പദമായ എഐ-ചിത്ര ലിങ്കുകൾ, വ്യാജ പ്രോംപ്റ്റുകൾ അല്ലെങ്കിൽ സ്‌കാം പേജുകൾ എന്നിവയെക്കുറിച്ചും അതീവ ജാഗ്രത പുലർത്തണം.
പലരും നൽകുന്നത് സമ്പൂർണ വ്യക്തിഗത പ്രൊഫൈൽ
ഫോട്ടോ അപ്‌ലോഡ് ചെയ്യാനും എഐ സൃഷ്ടിച്ച ചിത്രം പങ്കെടുക്കാനുമുള്ള തിടുക്കത്തിനിടെ അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ പലപ്പോഴും ഉപയോക്താക്കൾ അവഗണിക്കാൻ സാധ്യതയുണ്ട്. പലപ്പോഴും ഉപയോക്താക്കൾ സ്വമേധയാതന്നെ വിശദമായ വിവരങ്ങൾ എഐ കമ്പനികൾക്ക് നൽകുന്നു. ഹൈ ക്വാളിറ്റി ചിത്രങ്ങൾ, വിവരണാത്മക പ്രോംപ്റ്റുകൾ അല്ലെങ്കിൽ സന്ദർഭോചിതമായ മറ്റു വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവയെല്ലാം ചേർത്ത് അതിശയകരമാംവിധം സമ്പൂർണമായ ഒരു വ്യക്തിഗത പ്രൊഫൈൽ എഐ സൃഷ്ടിക്കുന്നു എന്നകാര്യം ഓർക്കണം. ഒരിക്കൽ പങ്കുവെച്ചുകഴിഞ്ഞാൽ ആ ഡാറ്റ നിർദിഷ്ട ഉപയോഗത്തിന് ശേഷവും എഐ കമ്പനികളുടെ പക്കൽ നിലനിൽക്കാൻ സാധ്യതയുണ്ട്.
അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾക്ക് എന്ത് സംഭവിക്കുന്നു?
എഐ പ്ലാറ്റ്ഫോമുകളിൽ സമർപ്പിക്കുന്ന ഉള്ളടക്കം സേവനം നൽകുന്നതിനും ഉൽപ്പന്നം മെച്ചപ്പെടുത്തുന്നതിനും ഗവേഷണത്തിനും അവർ ഉപയോഗിച്ചേക്കാം. അനുബന്ധ സ്ഥാപനങ്ങൾക്കോ സേവന ദാതാക്കൾക്കോ ഡാറ്റ പങ്കിടാൻ എഐ കമ്പനികളുടെ പ്രഖ്യാപിത നയങ്ങൾ പലപ്പോഴും അവർക്ക് അനുവാദം നൽകുന്നു.
ചിത്രങ്ങളോ മറ്റ് വ്യക്തിഗത ഡാറ്റയോ ഓൺലൈനിൽ എത്തിക്കഴിഞ്ഞാൽ അവ പകർത്താനോ വീണ്ടും ഉപയോഗിക്കാനോ സന്ദർഭത്തിൽ നിന്ന്പിന്നീട് മാറ്റാനോ കഴിയും. നല്ല ഉദ്ദേശ്യത്തോടെയുള്ള അപ്‌ലോഡുകൾക്ക് പോലും പിന്നീട് മറ്റൊരു സാഹചര്യത്തിൽ നിങ്ങൾ സങ്കൽപ്പിക്കുന്ന അതിർവരമ്പുകൾ ഭേദിക്കുന്ന തരത്തിൽ ഉപയോഗിക്കപ്പെട്ടേക്കാം. ചിത്രങ്ങളും വ്യക്തിഗത പശ്ചാത്തലങ്ങളും ആവർത്തിച്ച് സമർപ്പിക്കുന്നതിലൂടെ സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തുന്നതിലെ അപകടങ്ങൾ ഉപയോക്താക്കൾ ഗൗരവമായെടുക്കാത്ത സാഹചര്യം സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്.
എഐ ഇതൊക്കെ എങ്ങനെ അറിയുന്നു എന്ന് തോന്നാം, കാരണം ഇതാണ്
ചാറ്റ്ജിപിടി ട്രെൻഡുകളുടെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വശം പല ഉപയോക്താക്കളും എഐ നിർമിക്കുന്ന ചിത്രങ്ങളിൽ അഭിമാനിക്കുന്നതായി കാണപ്പെടുന്നു എന്നതാണെന്ന് വിദഗ്ധർ പറയുന്നു. തന്നെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ അധികമൊന്നും നൽകാതെതന്നെ എഐ ഇതൊക്കെ എങ്ങനെ അറിയുന്നു എന്നുപോലും പലപ്പോഴും ഉപയോക്താക്കൾക്ക് സംശയം തോന്നാം. ഈ തോന്നൽ വ്യക്തിയെ അടുത്തറിയുന്ന എഐയുടെ അടയാളമല്ല. മറിച്ച് നേരത്തെതന്നെ ഉപയോക്താക്കൾ എത്രമാത്രം വിശദവും പശ്ചാത്തലങ്ങൾ ഉൾക്കൊള്ളുന്നതും വിവരണാത്മകവുമായ ഡാറ്റ എഐയ്ക്ക് കൈമാറി എന്നതിന്റെ പ്രതിഫലനമാണ്.
സ്വകാര്യത ഉറപ്പാക്കാം
മെറ്റാഡാറ്റ നീക്കം ചെയ്യുക: പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇമേജ് മെറ്റാഡാറ്റ ഒഴിവാക്കുന്ന ടൂളുകൾ ഉപയോഗിക്കാം.
ഫോട്ടോയിലെ സുപ്രധാന വിശദാംശങ്ങൾ ബ്ലർ ചെയ്യുകയോ ക്രോപ്പ് ചെയ്യുകയോ ചെയ്യുക. വീട്ടുനമ്പറുകൾ, ലൈസൻസ് പ്ലേറ്റുകൾ, ഐഡി കാർഡുകൾ അല്ലെങ്കിൽ ഒരു ലൊക്കേഷനെയോ വ്യക്തിയെയോ തിരിച്ചറിയാൻ കഴിയുന്ന മറ്റേതെങ്കിലും കാര്യങ്ങൾ പോലുള്ള വ്യക്തിഗത വിവരങ്ങൾ മറയ്ക്കണം. പശ്ചാത്തലത്തിൽ ഉണ്ടാകാനിടയുള്ള സുപ്രധാന വിവരങ്ങളെക്കുറിച്ച് എപ്പോഴും ജാഗ്രത പാലിക്കുക.
റിയൽ ടൈം ഫോട്ടോകൾ ഒഴിവാക്കുക: യാത്ര ചെയ്യുമ്പോഴോ സ്വകാര്യ ചടങ്ങുകളിൽ ആയിരിക്കുമ്പോഴോ നിങ്ങളുടെ ലൊക്കേഷൻ സുരക്ഷ പ്രധാനമാണെങ്കിൽ റിയൽടൈം ഫോട്ടോകൾ പോസ്റ്റ് ചെയ്യരുത്.
പ്രതിഫലനങ്ങളെക്കുറിച്ച് ശ്രദ്ധിക്കുക: ജനലുകൾ, കണ്ണാടികൾ, സ്‌ക്രീനുകൾ എന്നിവ നിങ്ങൾ പകർത്താൻ ഉദ്ദേശിക്കാത്ത സുപ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്താം. അവയെക്കുറിച്ച് ജാഗ്രത പാലിക്കുക.
ചിത്രങ്ങളുടെ നിലവാരം: നിലവാരം കൂടുന്തോറും ചിത്രങ്ങളിലേക്ക് സൂം ചെയ്യാനുള്ള സാധ്യതയിലൂടെ പശ്ചാത്തലത്തിലുള്ള സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തപ്പെട്ടേക്കാം എന്നകാര്യം ഓർക്കുക.
സുരക്ഷിതമായ എഡിറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുക: ഉള്ളടക്കം ബ്ലർ ചെയ്യുന്നതിനോ എഡിറ്റ് ചെയ്യുന്നതിനോ സ്വകാര്യത ഉറപ്പാക്കുന്ന ടൂളുകൾ തിരഞ്ഞെടുക്കാൻ ഓർക്കുക. എൻക്രിപ്റ്റ് ചെയ്യാത്ത ക്ലൗഡ് സെർവറുകളിലേക്ക് നിങ്ങളുടെ ഫോട്ടോകൾ അപ്ലോഡ് ചെയ്യേണ്ടിവരുന്ന ആപ്പുകൾ ഒഴിവാക്കണം.
പ്രൈവസി പെർമിഷൻ വിവരങ്ങൾ ശ്രദ്ധയോടെ വിലയിരുത്തുക: പ്ലാറ്റ്ഫോമിന്റെ സെറ്റിങ്‌സിൽ പോയി നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ കാണാൻ കഴിയുന്ന ഉപയോക്താക്കളെ പരിമിതപ്പെടുത്തുന്നകാര്യം ആവശ്യമെങ്കിൽ പരിഗണിക്കണം.







