തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്. വെള്ളി നേടുന്നവർക്ക് 30 ലക്ഷവും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയും നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ മുൻകൂറായി നൽകും. സ്വർണം നേടുന്നവരുടെ പരിശീലകർക്ക് അഞ്ച് ലക്ഷം രൂപയും നൽകുമെന്ന് മന്ത്രി പറഞ്ഞു.മുൻകാലങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾ പ്രഖ്യാപിച്ച തുകകൾ താരതമ്യം ചെയ്തും ഫിനാൻസ് വകുപ്പിന്റെ പരിശോധനകൾക്കും ശേഷമാണ് ഇത്തരം പ്രഖ്യാപനങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഇനി മുതൽ മത്സരിക്കാൻ പോകുന്നവർക്ക് സമ്മാനത്തുക മുൻകൂട്ടി പ്രഖ്യാപിക്കാനാണ് സർക്കാർ തീരുമാനം. കായികതാരങ്ങളുടെ വിജയത്തിന് പിന്നിൽ പരിശീലിപ്പിക്കുന്ന കോച്ചുമാരുടെ പങ്ക് വളരെ വലുതാണെന്നും മന്ത്രി വ്യക്തമാക്കി.








