പൊന്നാനി:ചങ്ങരംകുളം സബ് ട്രഷറി യിൽ നിന്നും വ്യാജ എഫ്‌ഡി തയ്യാറാക്കി നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരായ നാല് കോൺട്രാക്ടർമാർക്ക് സര്‍ക്കാർ 579 860 രൂപ നൽകണമെന്ന് പൊന്നാനി മുനിസിഫ് മജിസ്ട്രേറ്റ് കോടതി ഉത്തരവായി.കോടതി ചെലവടക്കം വിധിച്ച തുകയ്ക്ക് 2019 സെപ്റ്റംബർ 2 മുതൽ പലിശയും പരാതിക്കാർക്ക് കൊടുക്കണം. 2018 ഒക്ടോബറിൽ ആണ് കേസിനാധാരമായ സംഭവം നടന്നത്
ചങ്ങരംകുളം സബ് ട്രഷറി യിലെ ജൂനിയർ അക്കൗണ്ട് ആയിരുന്ന കെ സന്തോഷ് ചങ്ങരംകുളം ട്രഷറിയിൽ നിന്നും, പൊന്നാനി ട്രഷറിയിൽ നിന്നും ട്രഷറി ഫിക്സഡ് ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ച് സർട്ടിഫിക്കറ്റ് തയ്യാറാക്കി വിതരണം ചെയ്തു എന്നായിരുന്നു കേസ്.കോൺട്രാക്ടർമാരായ ടിവി ശാലു ടിവി ഉണ്ണി അനീഷ് എ വി മുഹമ്മദ് ഇഖ്ബാൽ എന്നിവർ ഇങ്ങനെ കിട്ടിയ ട്രഷറി ഫിക്സഡ് ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കരാർ പ്രവർത്തിക്ക് ഈടായി നൽകി.
പെൻഷൻകാർ അടക്കമുള്ള നിക്ഷേപകരിൽ നിന്നും ഇൻകം ടാക്സ് തുക മുൻകൂർ പിടിക്കാൻ എന്ന പേരിൽ ചെക്കുകൾ കരസ്ഥമാക്കിയ സന്തോഷ് അതിലെ തുക സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കുമായി മാറ്റിയത് കണ്ടുപിടിച്ചതോടെയാണ് എഫ്ഡി സർട്ടിഫിക്കറ്റ് തട്ടിപ്പ് പുറത്തുവന്നത്.
ട്രഷറി കൗണ്ടർ വഴിയല്ലാതെ നൽകിയ പണത്തിന് ട്രഷറി വകുപ്പിനും സർക്കാരിനും ഉത്തരവാദിത്വമില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരുന്നത്.ഈ വിഷയത്തിൽ സർക്കാരിന് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് അന്നത്തെ ധന മന്ത്രി നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകിയിരുന്നു.തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് സസ്പെൻഷനിൽ ആയിരുന്ന കെ സന്തോഷ് 2019 മരണപ്പെട്ടു.വ്യാജ എഫ്ഡി വഴി നഷ്ടപ്പെട്ട പണം കിട്ടുന്നതിന് ആണ് കോൺട്രാക്ടർമാർ കോടതിയെ സമീപിച്ചത്. ഇവരിൽ ടിവി ഉണ്ണിക്ക് 71200 രൂപയും ടിവി ശാലുവിന് 3,29700 രൂപയും അനീഷ്ന് 25300 രൂപയും ഇക്ബാലിന് 60000 രൂപയും ഉൾപ്പെടെ 4,86,000 രൂപയും കോടതി ചെലവായി 93662 രൂപയും നൽകണമെന്നാണ് മുൻസിഫ് മജിസ്ട്രേറ്റ് എം നിഖിൽ ദേവ് ഉത്തരവിട്ടത്.ധനവകുപ്പ് സെക്രട്ടറി, ജില്ലാ കലക്ടർ ,ട്രഷറി ഡയറക്ടർ , മലപ്പുറം ജില്ലാ ട്രഷറി ഓഫീസർ,ചങ്ങരംകുളം ട്രഷറി ഓഫീസർ എന്നിവരും അന്നത്തെ ട്രഷറി ഉദ്യോഗസ്ഥരും അടക്കം 8 പേരാണ് കേസിലെ എതിർകക്ഷികൾ. 2 9 2019 മുതൽ വിധി വന്ന ദിവസം വരെ 9 ശതമാനവും ശേഷം തുക നൽകുന്നതുവരെ ആറു ശതമാനം പലിശയും പരാതിക്കാർക്ക് നൽകണമെന്നും വിധിയിലുണ്ട്









