വൈദ്യുതി പ്രതിസന്ധിക്ക് ഉടനടി പരിഹാരമില്ലെന്നാണ് കെഎസ്ഇബിയും സർക്കാരും നൽകുന്ന സൂചന. വിഷയത്തിൽ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും പ്രതിഷേധങ്ങളും കടുക്കുകയാണ്. പഴയകാലം ഓർമ്മിപ്പിക്കുന്ന വിധമാണ് പ്രതിഷേധങ്ങളിൽ പലതും. വൈദ്യുതി നിയന്ത്രണം വന്നതോടെ നഗരങ്ങൾ ഇരുട്ടിലാണ്.
വൈദ്യുതി ഉപഭോഗം കൂടിയെന്നാണ് കെഎസ്ഇബി ചെയർമാൻ എംജി രാജമാണിക്യം പറയുന്നത്. വൈദ്യുതി നിയന്ത്രണം ഇരുട്ടിലാക്കിയതോടെ സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ആദ്യം പ്രതിഷേധമുയർന്നത്. അത് സർക്കാരിനെതിരെയുള്ള ട്രോളുകൾ ആയിമാറി.വൈദ്യുതി മുടങ്ങുന്നതിനാൽ കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി പലരും എത്തി. പിന്നീടത് തെരുവിലേക്ക്.
മെഴുകുതിരി കത്തിച്ച് നടുറോട്ടിൽ പഠനമുറി,പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന വിധം ചൂട്ടും കത്തിച്ചുള്ള നടത്തം ഇങ്ങനെ പോകുന്നു സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങൾ.വൈദ്യുതി നിയന്ത്രണം മനുഷ്യജീവനെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. തെരുവുകളെല്ലാം ഇരുട്ടിലാണ്. നിയന്ത്രണം ഏർപ്പെടുത്തിയതോടെ സ്ട്രീറ്റ് ലൈറ്റുകൾ ഒന്നും കത്തുന്നില്ല. നഗരങ്ങളെ അലങ്കരിക്കാൻ ടൂറിസം വകുപ്പ് കൊണ്ടുവന്ന വർണ്ണ ലൈറ്റുകൾ ഒന്നും ഇപ്പോഴില്ല.







