32 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായ പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ 4K റീമാസ്റ്റർ ചെയ്ത പതിപ്പായി വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രം ഒക്ടോബർ 1ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. മോഹൻലാൽ, ശോഭന, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ശ്രീനിവാസൻ തുടങ്ങി മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങൾ അണിനിരന്ന ചിത്രം പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ട ക്ലാസിക്കാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രണയവും നർമ്മവും കുടുംബബന്ധങ്ങളും നിറഞ്ഞ ചിത്രത്തിന് പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ചു. എൻ. ഗോപാലകൃഷ്ണൻ ആണ് നിർമ്മാതാവ്.
ചിത്രത്തിന്റെ സംഗീതവും ഗാനങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളുമെല്ലാം ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. കാലാതീതമായ ഈ സിനിമ പുതിയ തലമുറയ്ക്കും ബിഗ് സ്‌ക്രീനിൽ ആസ്വദിക്കാനുള്ള അവസരമാണ് 4K റീമാസ്റ്റർ പതിപ്പിലൂടെ ഒരുങ്ങുന്നത്. പ്രസിദ്ധി ക്രിയേഷൻസും സൂര്യ സിനി ആർട്സും അവതരിപ്പിക്കുന്ന ചിത്രം മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളെ നൂതന സാങ്കേതിക മികവോടെ പ്രേക്ഷകരിലേക്ക് എത്തിച്ച മാറ്റിനീ നൗ ആണ് 4K റീമാസ്റ്റർ ചെയ്ത് വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നത്.
പ്രസാദ് ലാബിൽ 8 Kയിൽ ആദ്യമായി സ്കാൻ ചെയ്ത കണ്ടന്റ് ആണ് 4K സാങ്കേതിക വിദ്യയിലേക്ക് മാറ്റുന്നത്. ചിത്രത്തിന്റെ ഒറിജിനൽ 35mm പ്രിന്റിൽ നിന്ന് നേരിട്ട് 8K സാങ്കേതികവിദ്യയിലേക്ക് സ്കാൻ ചെയ്യുകയും, അതിന്റെ സംഗീതത്തിനും ശബ്ദങ്ങൾക്കും പുതിയ ജീവൻ നൽകി ഡോൾബി അറ്റ്മോസിൽ മിക്സ് ചെയ്യുകയുമാണ് മാറ്റിനി നൗ ചെയ്തിരിക്കുന്നത്.
ഈ ചിത്രത്തിന്റെ ഭാഗമായിരുന്ന പല ഇതിഹാസ കലാകാരന്മാരും ഇന്ന് നമ്മോടൊപ്പമില്ലെങ്കിലും, വരും തലമുറയ്ക്ക് മുന്നിൽ വലിയ സ്ക്രീനിൽ അവർ വീണ്ടും ഈ ഒക്ടോബറോടെ എത്തും.










