കൊച്ചി:കുണ്ടന്നൂരിലെ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. നെട്ടൂർ മേലേത്തട്ട് റോഡ് മാധവപ്പിള്ളിൽ എം.എ.പുഷ്പൻ (54) ആണ് ഇന്ന് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഒ.ജി കാന്താരി ബാറിലെ സുരക്ഷാ ജീവനക്കാരായ രണ്ട് പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പത്തനാപുരം മഞ്ഞക്കല ജയ ഭവനത്തിൽ സുരേഷ് കുമാർ (45), ഹൈദരാബാദ് സ്വദേശി ലയണൽ റോസ് (35) എന്നിവരാണ് അറസ്റ്റിലായത്
മദ്യത്തിന്റെ അളവിനെച്ചൊല്ലി പുഷ്പനും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ജീവനക്കാർ പുഷ്പനെ ശക്തിയായി പിന്നിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.
തള്ളലിന്റെ ആഘാതത്തിൽ നിലത്തുവീണ പുഷ്പന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഉടൻ ഇയാളെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ആയിരുന്ന പുഷ്പൻ ഇന്ന് ഉച്ച കഴിഞ്ഞ് നാലു മണിയോടെ മരിക്കുകയായിരുന്നു






