പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണമെന്നും പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നതെന്നും ചാക്കോയുടെ മകന്‍ ജിതിന്‍.പിതാവിനെ കൊലപ്പെടുത്തുന്നതിന് മുമ്പും സുകുമാരക്കുറുപ്പ് ക്രിമിനലായിരുന്നു. ആള്‍മാറാട്ടം നടത്തി താമസിക്കുന്നതില്‍ അത്ഭുതം തോന്നുന്നില്ലെന്നും ജിതിന്‍ പറഞ്ഞു.കണ്ടെത്തിയത് സുകുമാരക്കുറുപ്പിനെ തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജിതിന്‍ ആവശ്യപ്പെട്ടു.’അപ്പനെ കൊന്നയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണമെന്ന് ഏതൊരു മകനും ആഗ്രഹിക്കുന്നതുപോലെ ഞാനും ആഗ്രഹിക്കുകയാണ്. 42 വര്‍ഷത്തിനിടയ്ക്ക് പലപ്പോഴും പല കഥകളും കേള്‍ക്കുന്നതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ഒന്നുംലഭിച്ചിട്ടില്ല.സുകുമാരക്കുറുപ്പിനെ കണ്ടെന്ന് പറഞ്ഞ് മുമ്പും പല വാര്‍ത്തകളും വന്നിട്ടുണ്ട്.അന്നൊന്നും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല.അതുപോലെയാകരുതേ ഇതെന്നാണ് ആഗ്രഹിക്കുന്നത്’, ജിതിന്‍ പറഞ്ഞു.നിലവിലെ വിവരങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരും കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ജിതിന്‍ പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത അറിഞ്ഞത്.സുകുമാരക്കുറുപ്പിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷ ഈ വാര്‍ത്തകള്‍ നല്‍കുന്നുണ്ട്.ചാക്കോ കൊലക്കേസിലെ പ്രതിയായ സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ളയാളെ ബ്രൂണൈയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ഇന്നലെയായിരുന്നു പുറത്തുവന്നത്. സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള വയോധികനെ കുറിച്ച് അന്വേഷിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.സൈബര്‍ വിദഗ്ധനാണ് സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികന്റെ ചിത്രം പുറത്തുവിട്ടത്.ബ്രൂണൈയില്‍ വ്യാപാരിയായ ഈ വയോധികന്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയതായും സൈബര്‍ വിദഗ്ധന്‍ സ്ഥിരീകരിക്കുന്നുണ്ട്.
വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു.ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണ് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയത്.അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.






