മലപ്പുറം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണത്തില്‍ സംഭവത്തില്‍ ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് ട്വന്റിഫോറിന്. ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് റിപ്പോര്‍ട്ട് പറയുന്നു. രൂപമാറ്റങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടും ചെയ്തില്ല. അത് കൊണ്ടാണ് സര്‍ട്ടിഫിക്കറ്റ് നിരസിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.ലോണെടുത്ത് വാങ്ങിയ ഓട്ടോറിക്ഷയായിരുന്നു കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തിന്റെ ഏക ഉപജീവനമാര്‍ഗം. ഓട്ടോയില്‍ മോഡിഫിക്കേഷന്‍ വരുത്തിയെന്ന് കാണിച്ച് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അനുമതി നിഷേധിച്ചതോടെ വരുമാനം മുട്ടി.
ഏജന്റുമാരെ സമീപിക്കാതെ ഫിറ്റ്‌നസിനായി സ്വന്തം നിലക്ക് അപേക്ഷ നല്‍കിയതോടെ ഫിറ്റ്‌നസ് നല്‍കാതെ കൊണ്ടോട്ടി സബ് ആര്‍ടിഒ ഓഫീസില്‍ നിന്ന് നിരന്തരം തിരിച്ചയച്ചു എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള ആരോപണം. കൈക്കൂലി കൊടുത്തില്ല എന്ന ഏക കാരണം കൊണ്ട് തന്റെ ജീവിത മാര്‍ഗം തകര്‍ത്തുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. താമസിക്കുന്ന ബന്ധുവീടിന് തൊട്ടടുത്ത് നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീടിനുള്ളിലാണ് ഷൗക്കത്ത് ജീവനൊടുക്കിയത്.
മരിക്കുന്നതിനു മുന്‍പും ശേഷവുമായി നേരത്തെ ഷെഡ്യൂള്‍ ചെയ്തു വച്ച നിരവധി വൈകാരിക ഫേസ്ബുക്ക് കുറിപ്പുകളും പുറത്തുവന്നു. കിഴിശ്ശേരിയിലെ ഓട്ടോ തൊഴിലാളികള്‍ സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചു.
നിലവില്‍ അസ്വാഭാവിക മരണത്തിനാണ് അരീക്കോട് പൊലീസ് കേസെടുത്തിരിക്കുന്നത്. അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാന്‍ ആണ് ഓട്ടോ തൊഴിലാളികളുടെ തീരുമാനം







