തൃശ്ശൂർ: പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് തത്വചിന്തകനുമായ ഡോക്ടർ എം.പി. പരമേശ്വരൻ (92) അന്തരിച്ചു. തൃശ്ശൂരിലെ വസതിയിൽ ആയിരുന്നു അന്ത്യം. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു പരമേശ്വരൻ. പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങി വിവിധവിഷയങ്ങളിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ ശ്രദ്ധേയമായിരുന്നു.
പരമേശ്വരൻ അവതരിപ്പിച്ച നാലാംലോക സിദ്ധാന്തം സി.പി.എമ്മിലും കേരളത്തിലെ ഇടതുപക്ഷത്തിനിടയിലും ഒരുകാലത്ത് വലിയ സൈദ്ധാന്തിക ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു. തുടർന്ന് 2004-ൽ അദ്ദേഹത്തെ സിപിഎം പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.തൃശൂർ ജില്ലയിലെ കിരാലൂരിൽ 1935 ജനുവരി 18-നായിരുന്നു ജനനം. പിതാവ് മടങ്ങർളി പരമേശ്വരൻ നമ്പൂതിരി. അമ്മ മാടമ്പ് സാവിത്രി അന്തർജ്ജനം. തൃശൂർ നമ്പൂതിരി വിദ്യാലയത്തിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. സി.എം.എസ് ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലും പഠിച്ചു. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദവും മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പി.എച്ച്.ഡിയും നേടി. 1957 മുതൽ 1975 വരെ ബാർകിൽ ശാസ്ത്രജ്ഞനായിരുന്നു.
നാലാം ലോക സിദ്ധാന്തം
‘നാലാം ലോകം: സ്വപ്നവും യാഥാർത്ഥ്യവും’ എന്ന പുസ്തകത്തിലൂടെ പരമേശ്വരൻ അവതരിപ്പിച്ച നാലാംലോക സിദ്ധാന്തം സി.പി.എമ്മിലും കേരളത്തിലെ ഇടതുപക്ഷത്തിനിടയിലും ഒരുകാലത്ത് വലിയ സൈദ്ധാന്തിക ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു. അധികാര വികേന്ദ്രീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മുൻഗണന നൽകുന്ന സോഷ്യലിസ്റ്റ് സമൂഹത്തെ വിഭാവനം ചെയ്യുന്നതായിരുന്നു പരമേശ്വരന്റെ നാലാം ലോകം എന്ന ആശയം. പരമ്പരാഗത മാർക്സിസ്റ്റ് ആശങ്ങളിൽനിന്ന് വ്യതിചലിക്കുന്ന ഈ സിദ്ധാന്തം, മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന ആശയത്തെയും മാർക്സിസ്റ്റ് സാമ്പത്തിക സിദ്ധാന്തങ്ങളെയും കോർത്തിണക്കുന്നതായിരുന്നു ഇത്. ആഗോള കോർപറേറ്റ് വിപണിയെയും മുതലാളിത്ത വികസന രീതികൾക്കും ബദലായി മറ്റൊരു ലോകമെന്ന സങ്കൽപമായിരുന്നു ഇതിന്റെ സൈദ്ധാന്തിക ആടിത്തറ.
മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങൾക്ക് വിരുദ്ധമാണ് നാലാംലോക സിദ്ധാന്തം എന്ന് വിലയിരുത്തിയാണ് സിപിഎം ഈ സിദ്ധാന്തത്തെ തള്ളിയത്. മാർക്സിസ്റ്റ് വിരുദ്ധ നിലപാട് ആരോപിച്ചാണ് എംപി പരമേശ്വരനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്.







