പൊന്നാനി:ഒടുവിൽ കെ.പി. നൗഷാദ് അലി എം.എൽ.എയുടെ ഇടപെടലിൽ കുണ്ടുകടവ് പാലത്തിന്റെ തടയണ പൊളിച്ചു നീക്കി.തടയണ പൊളിച്ചു നീക്കിയതോടെ കാഞ്ഞിരമുക്ക് പുഴ ഇനി തടസങ്ങളില്ലാതെ പൂക്കൈതപ്പുഴയിൽ ചേരും.മാറഞ്ചേരി പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിക്കുന്ന കുണ്ടുകടവ് പാലത്തിന്റെ അടിയിൽ നിർമിച്ചിരുന്ന തടയണ പൊളിച്ചു മാറ്റാത്തതുമൂലം കാഞ്ഞിരമുക്ക് പുഴയുടെ ഒഴുക്ക് തടസപ്പെട്ടിരുന്നു.ഇതേത്തുടർന്ന് പൊന്നാനി കോൾ മേഖലയിലും കാഞ്ഞിരമുക്ക് പുഴയുടെ തീരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാകുകയും സമീപത്തെ വീടുകൾക്ക് ഭീഷണിയാകുകയും ചെയ്തിരുന്നു.ഇതേ തുടർന്നാണ് പൊന്നാനി എം.എൽ.എ കെപി നൗഷാദലി പ്രശ്നത്തില്‍ ഇടപെട്ടത്.യന്ത്രത്തിന്റെ സഹായത്തോടെയാണ് തടയണകൾ പൊളിച്ചു മാറ്റിയത്.പുതിയ പാലം നിർമാണത്തിനായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് താത്കാലികമായി തടയണ നിർമിച്ചത്.കുണ്ടുകടവ് പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയായി ഉദ്ഘാടനം കഴിഞ്ഞിട്ടും തടയണ പൊളിക്കാത്തതിനാൽ നേരത്തെ പ്രദേശവാസികളും കർഷകരും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.






