മുബൈ: ബൊറിവാലി ഈസ്റ്റ് സ്വദേശിയായ 26-കാരിയെ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്ത് 1.7 ലക്ഷം രൂപ കവർന്ന് തട്ടിപ്പ് സംഘം. നവംബർ 19-നാണ് സംഭവം. ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലിചെയ്യുന്ന യുവതിയോട് ഡൽഹി പോലീസാണെന്ന് പറഞ്ഞുകൊണ്ടാണ് തട്ടിപ്പ് സംഘം ഡിജിറ്റൽ അറസ്റ്റ് നടത്തിയത്.നിലവിൽ ജയിലിലായ ജെറ്റ് എയർവേയ്സ് ചെയർമാൻ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണത്തിൽ യുവതിയുടെ പേരും ഉയർന്നുവന്നെന്ന് പറഞ്ഞുകൊണ്ട് വീഡിയോ കോളിലൂടെയായിരുന്നു അറസ്റ്റ്.ചോദ്യംചെയ്യൽ തുടരാനായി യുവതിയോട് ഹോട്ടൽ റൂമെടുക്കാൻ പറഞ്ഞ സംഘം ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യാനായി 1,78,000 രൂപ കൈമാറാനും ശാരീരിക പരിശോധന നടത്താനായി നഗ്നയാകാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച യുവതി പിന്നീട് താൻ തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കി നവംബർ 28-ന് പോലീസിൽ പരാതി നൽകുകയായിരുന്നു.ഭാരതീയ ന്യായസംഹിതയും ഐടി ആക്ടും പ്രകാരം കേസെടുത്ത പോലീസ് സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.