ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ വിവാദ പ്രസംഗം നടത്തിയ സംഭവത്തിൽ വിളാത്തുകുളം മണ്ഡലത്തിലെ ഡിഎംകെ എംഎൽഎ മാർക്കണ്ഡേയനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ എംഎൽഎയുടെ വീട്ടിലെത്തി തൂത്തുക്കുടി ജില്ലാ ക്രൈംബ്രാഞ്ച് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രണ്ട് ദിവസം മുമ്പ് കോവിൽപെട്ടിയിൽ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നതിനായി ഡിഎംകെ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് വിജയ്‌ക്കെതിരെ എംഎൽഎ വിവാദ പ്രസംഗം നടത്തിയത്. യോഗത്തിൽ പ്രസംഗിക്കുന്നതിനിടെ മാർക്കണ്ഡേയൻ മുഖ്യമന്ത്രിയെ രൂക്ഷഭാഷയിലാണ് വിമർശിച്ചത്. വിജയ്‌യെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള എംഎൽഎയുടെ പ്രസംഗം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്.ഇതിനെതിരെ തൂത്തുക്കുടി ടിവികെ നോർത്ത് ജില്ലാ സെക്രട്ടറി ബാലസുബ്രഹ്മണ്യൻ തൂത്തുക്കുടി ജില്ലാ ക്രൈംബ്രാഞ്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പുലർച്ചെ പൊലീസ് സംഘം എംഎൽഎയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് തടയാൻ ഡിഎംകെ പ്രവർത്തകരും അനുഭാവികളും ശ്രമിച്ചതോടെ സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് പൊലീസ് ഇവരെ പിരിച്ചുവിടുകയും മാർക്കണ്ഡേയനെ തൂത്തുക്കുടി ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
തമിഴ്‌നാട്ടിൽ മാത്രമല്ല ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇത്രയും മോശക്കാരനായ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം വിജയ്‌യെക്കുറിച്ച് പരാമർശിച്ചത്. കരൂരിലെ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌ക്കെതിരെ അപകീർത്തികരമായ പ്രസ്താവനകളും അദ്ദേഹം നടത്തി. നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനോട് നിങ്ങളുടെ അച്ഛനെയാണ് താൻ തിരയുന്നതെന്ന് വിജയ് പറഞ്ഞതും അദ്ദേഹം വിമർശിച്ചു. ഇത്തരമൊരു പ്രസംഗം താൻ എവിടെയും കേട്ടിട്ടില്ലെന്നായിരുന്നു മാർക്കണ്ഡേയൻ പറഞ്ഞത്. തങ്ങളെ കോമാളികളായാണോ മുഖ്യമന്ത്രി കാണുന്നതെന്ന് ചോദിച്ച അദ്ദേഹം ബാക്കി കാര്യങ്ങൾ നിയമസഭയിൽ വച്ച് കാണാമെന്നും വെല്ലുവിളിച്ചിരുന്നു.











