മലപ്പുറം:സംസ്ഥാനത്ത് ആദ്യമായി ഇ– ശുചിമുറികൾ സ്ഥാപിച്ച തദ്ദേശസ്ഥാപനങ്ങളിലൊന്നാണ് മലപ്പുറം നഗരസഭ. എന്നാൽ സ്ഥാപിച്ച് വെറും 2 വർഷത്തിനകം കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താതെ ഉപയോഗശൂന്യമായ ഇ –ശുചിമുറികൾ 8 വർഷങ്ങൾക്കു ശേഷം വെറും ആക്രി വസ്തുവായി മാറുകയാണ്.നഗരത്തിലെ 3 ഇ ശുചിമുറികളും എടുത്തുമാറ്റാൻ നടപടി തുടങ്ങി. കിഴക്കേത്തലയിലേതാണ് ആദ്യം ഒഴിവാക്കിയത്. ഇവ നന്നാക്കാൻ സാധിക്കാത്തതിനാൽ നശിപ്പിച്ചു കളയുകയോ സ്ക്രാപ്പായി പോവുകയോ ചെയ്യുമെന്ന് നഗരസഭാ ക്ലീൻ സിറ്റി മാനേജർ കെ.വത്സൻ പറഞ്ഞു. മലപ്പുറം നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് കോട്ടപ്പടി, മൂന്നാംപടി പാസ്പോർട്ട് സേവാ കേന്ദ്രം, കിഴക്കേത്തല എന്നിവിടങ്ങളിലെ ഇ–ശുചിമുറികൾ പൂർണമായും നീക്കം ചെയ്യുന്നത്. കഴിഞ്ഞ ജനുവരിയിൽ ചേർന്ന കൗൺസിൽ യോഗത്തിലായിരുന്നു ഇവ നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്.
സൗന്ദര്യവൽക്കരണം നടത്തുന്ന ഭാഗങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനൊപ്പം ഉപയോഗ ശൂന്യമായ വസ്തുക്കളും ഒഴിവാക്കി നൽകാൻ നഗരസഭയോടു നിർദേശിച്ചിരുന്നു. 2010–2015 കാലഘട്ടത്തെ ഭരണസമിതിയാണ് നഗരത്തിൽ ഇ – ശുചിമുറികൾ സ്ഥാപിച്ചത്. ഒരു യൂണിറ്റിന് 12.6 ലക്ഷം രൂപ വച്ച് ആകെ 37.8 ലക്ഷം രൂപയായിരുന്നു ചെലവഴിച്ചത്. 2016 മാർച്ചിൽ തുറന്നുകൊടുത്ത ശുചിമുറികൾ 2018ൽ പൂർണമായും പ്രവർത്തനം നിലച്ചു. സാങ്കേതികമായ പരിചരണം കൃത്യമായി നടത്താതെ വന്നതോടെയാണ് ശുചിമുറികൾ ഒരിക്കലും ഉപയോഗിക്കാൻ സാധിക്കാത്തവിധം പണിമുടക്കിയത്.







