പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അദ്ധ്യാപകന് ശിക്ഷ വിധിച്ച് കോടതി. 70 വര്‍ഷം കഠിന തടവും ഒപ്പം 1.15 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പട്ടിമറ്റം സ്വദേശി ഷറഫുദ്ദീന്‍ (27) ആണ് കേസിലെ പ്രതി. പെരുമ്പാവൂര്‍ അതിവേഗ പോക്‌സോ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. മൂന്ന് മാസത്തോളം അദ്ധ്യാപകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് കേസന്വേഷണത്തില്‍ കണ്ടെത്തിയത്. 2021 നവംബര്‍ മുതല്‍ 2022 ഫെബ്രുവരിവരെയാണ് പീഡനം നടന്നത്. മദ്രസയുടെ ടെറസിലേക്ക് കൂട്ടിക്കൊണ്ട് പോയി നിരവധി തവണ പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. സ്‌കൂളിലെ ക്ലാസ്മുറിയില്‍ വെച്ച് അദ്ധ്യാപികയുടെ മുന്നില്‍ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്‌കൂളിലെ ക്ലാസില്‍ കൗമാരക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് അദ്ധ്യാപിക പഠിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കുട്ടിയെ മാറ്റിനിര്‍ത്തി അദ്ധ്യാപിക വിവരം ആരായുകയായിരുന്നു.
ഇതേത്തുടര്‍ന്ന് മദ്രസയില്‍ തനിക്ക് നേരിടേണ്ടിവന്ന പീഡനത്തെക്കുറിച്ച് കുട്ടി അദ്ധ്യാപികയോട് തുറന്ന് പറയുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുത്ത തടിയിട്ടപറമ്പ് പോലീസ് പ്രതിക്കെതിരെ കേസെടുത്തു. 2022 ഫെബ്രുവരി 24-ന് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.അഞ്ചുവകുപ്പുകളിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. മൂന്ന് വകുപ്പുകളില്‍ 20 വര്‍ഷം വീതവും രണ്ടുവകുപ്പുകളില്‍ അഞ്ചുവര്‍ഷം വീതവുമാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സിന്ധു ഹാജരായി. പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.