ഐസിസി ചാമ്പ്യന്‍സ് ട്രോഫി വേദി വിവാദം പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് അറിയിച്ചതോടെയാണ് വേദി സംബന്ധിച്ച് അനിശ്ചിതത്വം ആദ്യം ഉടലെടുത്തത്. ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു രാജ്യത്തെ വേദിയിലേക്ക് മാറ്റി ഹൈബ്രിഡ് മോഡലിൽ നടത്തണമെന്ന നിലപാടിൽ ബിസിസിഐ ഉറച്ച് നിന്നപ്പോൾ മത്സരങ്ങൾ പൂർണമായും രാജ്യത്ത് തന്നെ നടത്തണമെന്നാണ് പാകിസ്താന്‍റെ നിലപാട്.വിഷയത്തിൽ ഐസിസി സമവായത്തിന് ശ്രമിച്ചുകൊണ്ടിരിക്കെയാണ് സുരക്ഷാ പ്രശ്‌നം പറഞ്ഞ് കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തുന്നത്. ജയിലിലടക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. എന്നാൽ വിഷയത്തിൽ ബിസിസിഐക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് മുന്‍ താരം ഷാഹിദ് അഫ്രീദി.ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റിനെ അപകടകരമായ അവസ്ഥയിലാക്കിയെന്നാണ് അഫ്രീദിയുടെ ആരോപണം. “രാഷ്ട്രീയത്തെ കായികമേഖലയുമായി കൂട്ടിക്കെട്ടി ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റിനെ അപകടകരമായ അവസ്ഥയിലാക്കുകയാണ്. ഹൈബ്രിഡ് മോഡലിനെതിരായ പിസിബിയുടെ നിലപാടിനെ പൂര്‍ണ്ണമായും ഞാൻ പിന്തുണയ്ക്കുകയാണ്. ബിസിസിഐ കാരണമായി ചൂണ്ടിക്കാണിക്കുന്ന മുംബൈ ഭീകരാക്രമണത്തിന് ശേഷവും ഇന്ത്യ പാകിസ്താനിൽ കളിച്ചിട്ടുണ്ട്,” എക്‌സിൽ എഴുതിയ കുറിപ്പിൽ അഫ്രീദി പറഞ്ഞു.ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് മറ്റ് രാജ്യങ്ങളുടെ ക്രിക്കറ്റ് ബോർഡുകളെ പ്രേരിപ്പിക്കുന്നുവെന്നും ഐസിസിയും അതിന്റെ ഡയറക്ടര്‍ ബോര്‍ഡും ന്യായം ഉയര്‍ത്തിപ്പിടിക്കാനും അവരുടെ അധികാരം ഉറപ്പിക്കാനും സമയമായെന്നും അഫ്രീദി പ്രതികരിച്ചു.