ചങ്ങരംകുളം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞാ പരിപാടി സംഘടിപ്പിച്ചു.കോളേജിലെ മാനേജ്മെന്റ് വിഭാഗം, പി.ജി. കൊമേഴ്സ് വിഭാഗം, കൊമേഴ്സ് ക്ലബ്, ഐ.ഐ.സി. (Institution’s Innovation Council) എന്നിവയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ കോളേജ് കോൺഫറൻസ് ഹാളിലായിരുന്നു പരിപാടി.കോളേജ് പ്രിൻസിപ്പൽ പ്രൊഫ്. എം. എൻ. മുഹമ്മദ് കോയ പരിപാടിക്ക് നേതൃത്വം നൽകി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി സംരക്ഷണം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, പുനരുപയോഗവും പുനഃസംസ്‌കരണവും വഴി മാലിന്യങ്ങൾ കുറയ്ക്കൽ,ജല-ഊർജ സംരക്ഷണം,വൃക്ഷത്തൈ നട്ട് പരിപാലിക്കൽ, സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ പങ്കെടുത്തവർ പ്രതിജ്ഞാബദ്ധരായി.പി.ജി. കൊമേഴ്സ് വിദ്യാർത്ഥികൾക്കൊപ്പം മൂന്നാം വർഷ ബി.സി.എ.യും ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ഹരിതാഭവും ശുചിത്വവും നിറഞ്ഞ ആരോഗ്യകരമായ സമൂഹ നിർമ്മാണത്തിന് യുവതലമുറയുടെ പങ്ക് നിർണായകമാണെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.







