കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ ഒരു മരണം. ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് സ്ഥിരീകരിച്ചു. ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത്, തിരിച്ചും പ്രതികരിക്കാൻ അവകാശം ഉണ്ടെന്നും വ്യക്തമാക്കി.കുവൈത്തിലെ നയതന്ത്ര മിഷൻ ഓഫീസുകളും ആക്രമിക്കപ്പെട്ടു.ഇന്നലെയാണ് പൂർണ തോതിൽ നവീകരണം പൂർത്തിയാക്കി എയർപോർട്ട് തുറന്നത്.ആക്രമണത്തിന് പിന്നാലെ വിമാന സർവീസുകൾ താൽക്കാലികമായി നിലച്ചിരുന്നു.
അതേസമയം ആക്രമണത്തെ തുടർന്ന് തടസ്സപ്പെട്ട കുവൈത്ത് വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനരാരംഭിച്ചു. ഇന്ന് പുലർച്ചെ നടന്ന ഏറ്റവും പുതിയ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സിവിലിയൻ, സുപ്രധാന കേന്ദ്രങ്ങളാണ് വീണ്ടും ലക്ഷ്യമാക്കപ്പെട്ടത്. വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു.എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി ഏകോപിപ്പിച്ച് കുവൈത്ത് എയർവേയ്സ് തങ്ങളുടെ സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചിട്ടുണ്ട്.
ആക്രമണങ്ങളെ ശക്തമായി അപലപിച്ച കുവൈത്ത്, ഈ ആക്രമണങ്ങൾ പ്രദേശത്തിന്‍റെ സുരക്ഷയും സ്ഥിരതയും തകർക്കുന്നതാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്‍റെയും സുരക്ഷാ കൗൺസിൽ പ്രമേയത്തിന്‍റെയും ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.കുവൈത്തിന്‍റെ സുരക്ഷയും പരമാധികാരവും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും ‘ചുവപ്പ് രേഖ’ ആണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ആവർത്തിച്ചുള്ള ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കാനുള്ള പൂർണ അവകാശം കുവൈത്തിന് ഉണ്ടെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.അതേസമയം ആക്രമണങ്ങൾ ഒന്നിച്ച് നേരിടണം എന്ന് യുഎഇ പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പറഞ്ഞു. ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലപാടെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.







