ചങ്ങരംകുളം:ഒതളൂര്‍ സ്വദേശിയായ യുവാവിനെ എടപ്പാളില്‍ വച്ച് തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് വട്ടക്കുന്ന് വച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രധാന പ്രതി പിടിയില്‍.എറവക്കാട് സ്വദേശി മഞ്ചാടിപ്പുറത്ത് മുത്തുട്ടി(30)നെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.മൂന്ന് മാസം മുമ്പാണ് എടപ്പാളില്‍ വച്ച് ചങ്ങരംകുളം ഒതളൂര്‍ സ്വദേശിയായ സുജീഷിനെ ബൈക്ക് തടഞ്ഞ് നിര്‍ത്തി കാറിലെത്തിയ സംഘം ബലമായി തട്ടിക്കൊണ്ട് പോയത്.കാറില്‍ കയറ്റി ക്രൂരമായി മര്‍ദ്ധിച്ച ശേഷം വട്ടക്കുന്ന് എന്ന സ്ഥലത്ത് എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി.സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട സുജീഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ രണ്ട് പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു.ഒളിവില്‍ കഴിഞ്ഞ പ്രധാന പ്രതി മുത്തുട്ടിയെ കഴിഞ്ഞ ദിവസമാണ് തിരൂരില്‍ നിന്നും അന്വേഷണസംഘം പിടികൂടിയത്.മുന്‍ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന വിവരം.എസ്ഐ മാരായ നസിയ എം സാഹിബ് ,ശ്രീലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.







