പാലപ്പെട്ടി ശ്രീ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ആഘോഷം ഞായറാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കും. പുലർച്ചെ നാലിന് വിശേഷാൽ പൂജകളും പറനിറപ്പും നടക്കും. രാവിലെ ഒൻപതിന് പ്രസാദ ഊട്ട് ഉണ്ടാകും. വൈകുന്നേരം വിവിധ ദേശങ്ങളിൽനിന്നായി വരവുകൾ ക്ഷേത്രത്തിലെത്തും. 15 ന് ഞായറാഴ്ച മീനമാസ മഹോത്സവത്തിന് കൊടിയേറിയിരുന്നു. തുടർന്നു 27 വെള്ളിയാഴ്ച വരെ വിവിധ ദേശങ്ങളുടെ നേതൃത്വത്തിൽ കൂത്ത് നടക്കുന്നുണ്ട്. ശനിയാഴ്ച പുതിയിരുത്തി ദേശത്തിന്റെ നേതൃത്വത്തിലായിരുന്നു താലവും കൂത്തും. മീനഭരണി ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച കൂത്ത് ഉണ്ടാകില്ല. തിങ്കളാഴ്ച ഗ്രാമം ദേശക്കാരുടെ നേതൃത്വത്തിലാണ് കൂത്ത്. 25 ന് ബുധനാഴ്ച പ്രതിഷ്ഠാദിന ആഘോഷവും വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ക്ഷേത്രം ഊരാളൻ രാജൻ പാലപ്പെട്ടി പറഞ്ഞു. ഗുരുവായൂർ ക്ഷേത്രം തന്ത്രി പുഴക്കര ചേന്നാസ് ദിനേശൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് പ്രതിഷ്ഠാദിന ആഘോഷ ചടങ്ങുകൾ നടക്കുക. പ്രതിഷ്ഠാദിന ആഘോഷത്തിന്റെ ഭാഗമായി അന്നദാനവും ഗുരുതി പൂജയും നടക്കും.






