സിപിഐഎമ്മിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി ഡോ ശശി തരൂര്‍ എംപി. ദുബായിലെ ചര്‍ച്ച മാധ്യമ സൃഷ്ടിയാണ്. പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് പറയും. കോണ്‍ഗ്രസുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന ചോദ്യത്തോട്, സമയം വരുമ്പോള്‍ സംസാരിക്കാമെന്നും ശശി തരൂര്‍ പറഞ്ഞു. അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസമെന്നും ഡോ ശശി തരൂര്‍ പ്രതികരിച്ചു. ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍.
ഇന്ന് ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന നയരൂപീകരണ യോഗത്തിലും തരൂര്‍ പങ്കെടുത്തിരുന്നില്ല. യോഗത്തില്‍ എത്താത്തതിന് കാരണം ക്ഷണം വൈകിയതുകൊണ്ടെന്നാണ് തരൂര്‍ പറയുന്നത്. അവര്‍ എന്നെ ക്ഷണിക്കുന്നത് ഇന്നലെയോ മിനിഞ്ഞാന്നോ ആയിരുന്നു. അപ്പോഴേക്ക് ദുബായില്‍ നിന്ന് തിരിച്ചുവരാന്‍ ടിക്കറ്റ് എടുത്തിരുന്നു. പാര്‍ലമെന്റ് നാളെയായതുകൊണ്ട് ഡല്‍ഹിക്കാണ് ടിക്കറ്റ് എടുത്തത് – അദ്ദേഹം പറഞ്ഞു.
തരൂര്‍ വിഷയത്തില്‍ കൊടിക്കുന്നില്‍ സുരേഷും ഇന്ന് പ്രതികരിച്ചിരുന്നു. ദില്ലിയില്‍ ഇല്ലാത്തകൊണ്ട് പങ്കെടുത്തില്ല. വ്യക്തമായ ഉത്തരം നല്‍കേണ്ടത് അദ്ദേഹം തന്നെയാണ്. നിങ്ങള്‍ തരൂരിനോട് ചോദിക്കൂ. തരൂര്‍ പങ്കെടുക്കാത്തതിനെ എന്തിനാണ് ഇത്രയധികം വാര്‍ത്താ പ്രാധാന്യം നല്‍കുന്നതെന്ന് മനസിലാകുന്നില്ല. മറ്റ് പരിപാടികള്‍ മാറ്റിവയ്ക്കാന്‍ കഴിയാത്തതുകൊണ്ടാണ് മീറ്റിങ്ങുകളില്‍ പങ്കെടുക്കാത്തത്. തരൂര്‍ സിപിഎമ്മിലേക്ക് എന്നത് മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന വാര്‍ത്തയാണ് – അദ്ദേഹം പറഞ്ഞു.
അതേസമയം, നാളെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍, യുപിഎ കാലത്തെ ദേശീയ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം, വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണം, ഇന്ത്യയുടെ വിദേശനയം, പുതിയ യുജിസി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ഘടനാപരമായ ചര്‍ച്ചകള്‍ വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. വിബി-ജി റാം ജി നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തിന്റെ പ്രാഥമിക ശ്രദ്ധ ബജറ്റ് തന്നെയായിരിക്കുമെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ അംഗങ്ങള്‍ക്ക് മറ്റ് വിഷയങ്ങള്‍ ഉന്നയിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജെ പി നദ്ദ, പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന മന്ത്രിമാരും ലോക്‌സഭയിലെയും രാജ്യസഭയിലെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും പങ്കെടുത്തു







