ചങ്ങരകുളത്ത് ലൈയൻസ് ഇന്റർനാഷണൽ ക്ലബ് രൂപീകരിതമാവുകയാണ്. ക്ലബ്ബിന്റെ ഇൻഡക്ഷൻ,ഇൻസ്റ്റലേഷൻ,ഇനാഗുറേഷൻ ചടങ്ങുകൾ ഫെബ്രുവരി രണ്ടാം തീയതി വൈകുന്നേരം അഞ്ച് മണിക്ക് ചങ്ങരകുളം ഗാലക്സി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.പരിപാടിയിൽ മുഖ്യാതിഥിയായി കവിയും പ്രശസ്ത സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ പങ്കെടുക്കും.ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച്, ചങ്ങരകുളം മേഖലയിൽ നിന്നുള്ള ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പൊന്നാട അണിയിച്ച് ആദരിക്കുന്ന ചടങ്ങും നടക്കും
സാമൂഹ്യസേവന രംഗത്തേക്ക് ശക്തമായ ഇടപെടലുകളുമായി മുന്നോട്ട് പോകുന്ന ചങ്ങരകുളം ലൈയൻസ് ക്ലബ്ബ്, ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ചങ്ങരകുളം മേഖലയിൽ പ്രവർത്തിക്കുന്ന കാരുണ്യ പാലിയേറ്റീവ് കെയറിന് ഒരു ബൈപാപ്പും രണ്ട് ഓക്സിജൻ കോൺസെൻട്രേറ്ററുകളും സംഭാവനയായി കൈമാറും.അതോടൊപ്പം, ചങ്ങരകുളം പോലീസ് സ്റ്റേഷനിൽ ലൈയൻസ് ക്ലബ്ബ് സ്പോൺസർ ചെയ്ത വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനവും ഇതേ വേദിയിൽ നടക്കും.ചങ്ങരകുളം മേഖലയിലെ അവശ വിഭാഗങ്ങൾക്ക് സഹായം നൽകുക, രോഗികളുടെ സംരക്ഷണത്തിനായി ആശ്വാസ സേവനങ്ങൾ നടത്തുക,സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകുക, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുക,
വൃദ്ധ സദനങ്ങളിലെ രോഗികൾക്ക് സഹായം നൽകുക, ദരിദ്രർക്കുള്ള പട്ടിണി നിർമ്മാർജ്ജന പ്രവർത്തനങ്ങൾ എന്നിവ ലക്ഷ്യമാക്കി ചങ്ങരകുളം ലൈയൻസ് ക്ലബ് പ്രവർത്തനങ്ങൾ വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്.
ഈ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെയും, ജനപ്രതിനിധികളുടെയും, ഭരണകൂടത്തിന്റെയും, സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സംഘടനകളുടെയും സഹകരണം ക്ലബ് നേതൃത്വം അഭ്യർത്ഥിച്ചു.











