ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്. കൂടുതൽ ചോദ്യം ചെയ്യുന്നതിനും ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുമാണ് നീക്കം. ഷിംജിതയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നുവെന്നാണ് പൊലീസ് നിഗമനം. ഷിംജിത ഇന്ന് ജാമ്യഹർജി നൽകിയേക്കും.
ഇന്നലെ അറസ്റ്റിലായ ഷിംജിതയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. പ്രതിയെ മഞ്ചേരി സ്പെഷ്യൽ സബ് ജയിലിലേക്കാണ് മാറ്റിയത്.
ദീപക്കിന്റെ മരണത്തിൽ ആത്മഹത്യ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ പൊലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന ഇവരെ ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തിരുന്നു. വടകരക്കു സമീപമുള്ള ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വനിത പൊലീസുകാരടക്കം മഫ്തിയിലെത്തി പിടികൂടിയതിന് ശേഷം പ്രതിയെ സ്വകാര്യ വാഹനത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുന്ദമംഗലം കോടതിയിൽ ഹാജരാക്കുകയായിരുന്നു.
അതിനിടെ പ്രതിയ്ക്ക് രക്ഷപ്പെടാൻ പൊലീസ് അവസരം ഒരുക്കി എന്നും തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടാകുമെന്നും ദീപക്കിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. അതേസമയം, കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനും സ്വകാര്യ ബസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനുമുള്ള നീക്കത്തിലാണ് പൊലീസ്.










