ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. ഫെസ്റ്റിവൽ സീസണിന് ശേഷം കയറ്റുമതി ഏഴ് ശതമാനം കുറഞ്ഞ് 34.5 ദശലക്ഷം യുണിറ്റിലെത്തി. ഉപഭോക്താവിന് താങ്ങാവുന്നതിലധികം വില വർധിക്കുകയും, പിന്നീട് ഡിമാൻഡ് ഇടിയുകയും ചെയ്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. ഫെസ്റ്റിവൽ സീസൺ വരുന്നതോടെ വിപണി തിരികെ പിടിക്കാമെന്ന് കരുതിയെങ്കിലും കൂടുതൽ ഇടിവ് ഉണ്ടായതും ഇതേ സമയത്ത് തന്നെയാണ്.
മെമ്മറി വിലയിലുണ്ടായ വർധനവും, മൂല്യ തകർച്ചയുമാണ് സ്മാർട്ട്ഫോണിന്റെ വില വർധിപ്പിക്കാൻ ബ്രാൻഡുകളെ പ്രേരിപ്പിച്ചത്. 2025 ന്റെ അവസാനത്തോടെ കയറ്റുമതിയിൽ വലിയ ഇടിവ് ആണ് ഉണ്ടായത്. മിഡ് റേഞ്ച്, എൻട്രി ലെവൽ മോഡലുകളെയാണ് ഇത് കൂടുതലായി ബാധിച്ചത് ഇത് തന്നെയാണ് ഡിമാൻഡ് കുറയാനുള്ള കാരണവും. ചില ബ്രാൻഡുകൾ മികച്ച പ്രകടനം വിപണിയിൽ കാഴ്ചവെച്ചെങ്കിലും മാറ്റ് ബ്രാൻഡുകൾക്ക് വിപണിയിൽ പിടിച്ചുനിൽക്കാനായില്ല.
വിവോ, ഓപ്പോ എന്നിവ മാത്രമാണ് ഡബിൾ ഡിജിറ്റ് വാർഷിക വളർച്ച രേഖപ്പെടുത്തിയ പ്രധാന ബ്രാൻഡുകൾ. മറ്റ് ബ്രാൻഡുകളുടെ ഡിമാൻഡിലുമുണ്ടായ ഇടിവും വിലയിലുണ്ടായ മാറ്റങ്ങളും സാംസങ്ങ്, ഷവോമി, റിയൽമി എന്നിവയുടെ വിൽപ്പന കുറയാൻ കാരണമായി. 2026-ലും ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഇടിവുണ്ടായേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉയർന്ന വിലയും, ഹാർഡ്‌വെയർ ഫീച്ചറിൽ മാറ്റം ഇല്ലാത്തതും ആളുകളെ പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026 ന്റെ പകുതിയിൽ സീസണൽ ഘടകങ്ങളും, പോളിസി സപ്പോർട്ടുകളും വരുന്നതോടെ മാറ്റമുണ്ടായേക്കാം. എന്നാലിത് മൊത്തത്തിലുള്ള വളർച്ചയെ അനുകൂലമായി ബാധിക്കുമെന്നതിൽ ഉറപ്പില്ലെന്നും ടെക് വിദഗ്ധർ വ്യക്തമാക്കുന്നു.







