കൊല്ലം∙ കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലം ഹോസ്റ്റലിൽ രണ്ട് വിദ്യാർഥിനികൾ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. കോഴിക്കോട് കടലുണ്ടി പേടിയാട്ടുകുന്ന് അമ്പാളി രവിയുടെ മകൾ സാന്ദ്ര (18), തിരുവനന്തപുരം മുദാക്കൽ വാളക്കാട് ഇളമ്പത്തടം വിഷ്ണു ഭവനിൽ വേണുവിന്റെ മകൾ വൈഷ്ണവി (15) എന്നിവരെയാണു കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിനും സമീപത്തും ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഹോസ്റ്റലിലെ മറ്റ് കുട്ടികൾ വീടുകളിലേക്ക് പോയതിനാൽ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. അവർ തിരിച്ചു വരുന്ന സമയത്ത് മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വിദ്യാർഥിനികളുടെ മരണം അന്വേഷിക്കുന്ന സായ് റീജനൽ ഡയറക്ടർ വിഷ്ണു വിഷ്ണു സുധാകരൻ സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണനെ സന്ദർശിച്ച് അന്വേഷണത്തിൽ പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. എസിപി എസ്. ഷരീഫിനു കീഴിൽ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ പുഷ്പ കുമാറിന്റെ നേതൃത്വത്തിൽ ആറംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ, സായ് ഹോസ്റ്റൽ നടത്തിപ്പ് സംബന്ധിച്ചും പരാതികൾ ഉയരുന്നുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി സ്ഥാപനത്തിൽ മേൽ നോട്ടം വഹിക്കുന്നവർ കുട്ടികളെ മാത്രമല്ല ജീവനക്കാരെ വരെ മാനസികമായി പീഡിപ്പിക്കുന്നതായും കോവിഡ് കാലത്ത് ഒരു ജീവനക്കാരനായ പാരിപ്പള്ളി സ്വദേശി ജീവനൊടുക്കിയതും ഈ പീഡനത്തിന്റെ ഫലമാണന്നും മുൻപ് ഇവിടെ കോച്ചായിരുന്ന ഒളിംപ്യൻ അനിൽകുമാർ പറഞ്ഞു











