എടപ്പാൾ:രണ്ടാഴ്ചക്കാലമായി പ്രദേശത്തെ ഉത്സവമേളത്തിലാഴ്ത്തി നടക്കുന്ന ശുകപുരം കുളങ്കര കൂത്തുത്സവങ്ങൾക്ക് സമാപനം കുറിക്കുന്ന ജനസഹസ്രങ്ങളെത്തുന്ന താലപ്പൊലി ഇന്ന് നടക്കും.ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി എട്ടു മണി മുതൽ പതിരുവാണിഭവും എടപ്പാൾ ഭുജംഗ, ശ്രീദുർഗ ചോലക്കുന്ന്, സൗഹൃദ പന്തലാംകുന്ന്, വെങ്ങിനിക്കര ദേശം, വട്ടംകുളം ദേശം എന്നീ കമ്മിറ്റികളുടെ വരവുകളും
ഉത്സവത്തിന്റെ വിളംബരം കുറിച്ചു.പുലർച്ചെ നിർമാല്യദർശനം, ഉഷപൂജ എന്നിവക്ക് ശേഷം അർജുൻ രാജീവിന്റെ സോപാനഗീതത്തോടെ ഉത്സപ്പറമ്പുണരും. ഒരു മണിക്ക് ഓങ്ങല്ലൂർ ശങ്കരൻകുട്ടി നായരും സംഘവുമവതരിപ്പിക്കുന്ന നാദസ്വരം, ചോറ്റാനിക്കര സുഭാഷ് മാരാർ, ഏലൂർ അരുൺദേവ വാര്യർ, പരയ്ക്കാട് ബാബു, തുറവൂർ രാഗേഷ് കമ്മത്ത്, മച്ചാട് പത്മകുമാർ എന്നിവർ നയിക്കുന്ന പഞ്ചവാദ്യം, ശുകപുരം രാമകൃഷ്ണൻ,ശുകപുരം രാധാകൃഷ്ണൻ എന്നിവരുടെ മേളം എന്നിവക്ക് ശേഷം വിവിധ ദേശങ്ങളുടെയും കമ്മിറ്റികളുടെയും വകയായുള്ള പൂതൻ, തിറ, കരിങ്കാളി, തെയ്യം, ആന, പഞ്ചവാദ്യം, മേളം തുടങ്ങി 20-ൽ പരം വരവുകമ്മിറ്റികളുടെ വർണാഭമായ വരവുകൾ എന്നിവ ഉത്സവപ്പറമ്പിനെ ജനനിബിഡമാക്കും.
ദീപാരാധനക്ക് ശേഷം കുളങ്കര വെടിക്കെട്ട് കമ്മിറ്റി, ടീം നടുവട്ടം കമ്മിറ്റികളുടെ വെടിക്കെട്ടോടെ പകൽപ്പൂരത്തിന് സമാപനമാകും.
രാത്രി മട്ടന്നൂർ ശ്രീരാജ്, ചിറക്കൽ നിധീഷ് എന്നിവരുടെ ഇരട്ട തായമ്പക, കേളി, തിരുവനന്തപുരം ജോസ്‌കോയുടെ ഗാനമേള, ആയിരത്തിരി, താലം എഴുന്നള്ളിപ്പ് എന്നിവ നടക്കും.ഉത്സവം തത്സമയം കാണാന്‍ സിഎന്‍ ടിവി സൗകര്യം ഒരുക്കിയിട്ടുണ്ട്











