മാറഞ്ചേരി: സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പതിനൊന്നാമത് സത്യജിത് റേ സാഹിത്യ അവാർഡിന് മാറഞ്ചേരിയിലെ ദമ്പതികൾ അർഹരായി. മികച്ച ജീവിതാനുഭവങ്ങൾക്ക് അബ്ൾ ലത്തീഫ് മാറഞ്ചേരി രചിച്ച “നീളെ തുഴഞ്ഞ ദൂരങ്ങൾ”ക്കും മികച്ച കവിതാ സമാഹരത്തിന് സീനത്ത് മാറഞ്ചേരി രചിച്ച “വെറ്റിലപ്പച്ച” ക്കും ലഭിച്ചു.തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ സത്യജിത് റേ ഫിലിം സൊസൈറ്റി ഭാരവാഹികളാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. തൻ്റെ 30 വർഷത്തെ സർവ്വീസ് അനുഭവങ്ങൾ പകർത്തിയ “നീളെ തുഴഞ്ഞ ദൂരങ്ങൾ” ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കൃതിയാണ്. ഗ്രന്ഥകർത്താവിനെ അറസ്റ്റിലേക്ക് നയിച്ച കൃതി മൂന്നാം പതിപ്പ് പിന്നിട്ടു. തൃശൂർ എച്ച് ആൻ്റ് സിയാണ് പ്രസാധകർ. കെ. ജയകുമാർ. ഐ. എ. എസാണ് അവതാരിക എഴുതിയിരിക്കുന്നത്.
സീനത്ത് മാറഞ്ചേരി രചിച്ച “വെറ്റിലപ്പച്ച” കവിതാ സമാഹരണത്തിന് വ്യാസപുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
പത്രപ്രവർത്തകനും എഴുത്തുകാരനുമായ ബാബു വെളപ്പായ, എഴുത്തുകാരി ജയശ്രീ ഗോപാലകൃഷ്ണൻ, അഡ്വ. ബിന്ദു എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
മികച്ച ഷോർട്ട് ഫിലിം സംവിധായകൻ രമേഷ് അമ്പാരത്തും ( മീസാൻ) മികച്ച വിവർത്തനകൃതിക്ക് ജഹാംഗീർ ഇളയിടത്തിൻ്റെ “അലുംനി പോർട്ടലും” മികച്ച കവിതാ സമാഹരത്തിന് രുദ്രൻ വാരിയത്തിൻ്റെ “കലിയുഗകാഴ്ചകളും” അർഹരായി. സലാം മലയം കുളത്തേലിന് മീസാനിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശവുമുണ്ട്.
അവാർഡുകൾ 2026 ഫെബ്രുവരി 1 ന് ഞായറാഴ്ച തിരുവനന്തപുരം ഏ.കെ.ജി. ഹാളിൽ വെച്ച് ബഹു. ഭക്ഷ്യ സിവിൽസ് വകുപ്പ് മന്ത്രി ശ്രീ.വി.ആർ അനിൽ വിതരണം ചെയ്യും.







