വെളിയങ്കോട് :പാലത്തിന്റെ കൈവരി വാഹനം ഇടിച്ച് തകര്‍ന്നതോടെ അപകട ഭീഷണി ഉയര്‍ത്തുകയാണ് വെളിയങ്കോട് ചങ്ങാടം പാലം.വെളിയങ്കോട് പടിഞ്ഞാറൻ മേഖലയേയും ,ദേശീയപാതയെയും മാറഞ്ചേരി ,എരമംഗലം കുണ്ടുകടവ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കനോലി കനാലിന് കുറുകെയുള്ള ചങ്ങാടം പാലത്തിൻ്റെ കൈവരിയാണ് തകർന്നത്.നൂറ് കണക്കിന് വാഹനങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്ന പാലത്തിൽ കഴിഞ്ഞ ദിവസമാണ് ടെംബോ ട്രാവലർ അപകടത്തിൽ പെട്ടത്.ഇത് മൂലം പാലത്തിൻ്റെ കൈവരി തകരുകയും ,വാഹനം പാലത്തിൽ കുടുങ്ങി മണിക്കുറുകളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.പൊതുവെ അപകട ഭീഷണിയിലായ പാലത്തിലുടെയുള്ള ഗതാഗതം ഏറെക്കാലമായി ദുഷ്‌കരമായ അവസ്ഥയിലായിരുന്നു.വെളിയങ്കോട് ടൗണിനെയും ദേശീയ പാതയെയും മറ്റു അയൽപക്ക പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം ഒരു വാഹത്തിന് കടന്നുപോകാൻ കഴിയുന്ന സൗകര്യം മാത്രമേയൊള്ളൂ. രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ ഇരുവശത്തും വലിയ അപ്രോച്ച് റോഡുകൾ പണിതെങ്കിലും പാലം ഹൈഡ്രോളിക്ക് ലിഫ്റ്റ് സംവിധാനത്തിലായതിനാൽ ഒരു വാഹനത്തിന് കടന്നുപോകാൻ മാത്രം പാകത്തിലുള്ള വീതിയിലാണ് നിർമ്മാണം പൂർത്തികരിച്ചത്.ഇതാകട്ടെ വർഷങ്ങൾ പഴക്കുള്ളതും ഹെവി വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്തതുമാണ്.പരിസരത്തെ വിദ്യാലയങ്ങളായ എം. ടി. എം കോളേജ്,അൽ ഫലാഹ് ,ഉമരി സ്‌കൂളുകൾ ,പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ക്യൂ സിസ്റ്റം പാലിച്ചാണ് പാലം മുറിച്ച് കടന്ന് പോയികൊണ്ടിരുന്നത് .വെളിയങ്കോട് പഴഞ്ഞി,മാറഞ്ചേരിയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ജനങ്ങൾ ചാവക്കാട് ,ഗുരുവായൂർ പൊന്നാനി പ്രദേശങ്ങളിലേക്ക് പോകാനുംആരാധനാലയങ്ങൾ,ആശുപത്രികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ആശ്രയിക്കുന്ന ഒരു പാലമാണ് ഈ വിധം അപകടാവസ്ഥയിൽ പെട്ടിരിക്കുന്നത് .ദേശീയപാത വികസനം യാഥാർഥ്യമായതോടെ വാഹനങ്ങളുടെ സഞ്ചാരം
ഇരട്ടിയായത് ഇവിടത്തെ ഗതാഗത പ്രശ്നം കൂടുതൽരൂക്ഷമാക്കിയിട്ടുണ്ട്.ബലക്ഷയം അനുഭവപ്പെടുന്ന പാലത്തിൻ്റെ ഷീറ്റുകൾ ഇളകുന്നത് മൂലം വലിയ ശബ്‌ദത്തോടെയാണ് ഇതിലൂടെ വാഹനങ്ങൾ കുന്ന്പോകുന്നത്.ഇപ്പോൾ അപകടം സംഭവിച്ച് കൈവരികൾ തുങ്ങിക്കിടക്കുന്ന അവസ്ഥയിലായതിനാൽ യാത്രക്കാര്‍ ആശങ്കയിലാണ്.അപകടങ്ങൾ നിത്യസംഭവമായ ഇവിടെ ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ അധികൃതർ ഇത് വരെ തയ്യാറാകത്തത് വലിയ പ്രതിഷേധം വിളിച്ച് വരുത്തിയിരുന്നു.പ്രദേശത്തിൻ്റെ ജനബാഹുല്യവും,വാഹനബാഹുല്യവും കണക്കിലെടുത്ത് ചങ്ങാടം പാലത്തെ പരിഗണിക്കാത്ത ഭരണകർത്താക്കളുടെ നടപടിയിൽ ജനങ്ങൾ രോഷാകുലരാണ്.ഇപ്പോൾ സംഭവിച്ച അപകടാവസ്ഥക്ക് അറ്റകുറ്റപണികൾ നടത്തി ഓട്ടയടക്കുന്നതിന് പകരം ,പുതിയ പാലം നിർമ്മിച്ച് പ്രദേശത്തെ ഗതാഗത പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകരുടെ ആവശ്യം .







