ഛത്തീസ്ഗഢിൽ രണ്ട് സ്ത്രീകള്‍ അടക്കം അഞ്ച് മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാസേന. ഛത്തീസ്ഗഢിലെ കാങ്കറിലാണ് സംഭവമുണ്ടായത്. തലയ്ക്ക് 28 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.വിനോജ മിര്‍ച്ച കരാം (42), പുനിത (21), സന്തോഷ് കൊര്‍ചാമി( 35), കജു സൈനു പദ്ദ(35) നാഗേഷ് ഗൗഡ(30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരിൽ വിനോജ മിര്‍ച്ച കരാമിന്റെ തലക്ക് 8 ലക്ഷവും, മറ്റുള്ളവരുടെ തലക്ക് 5 ലക്ഷവും വീതമാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്. തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു.വനത്തില്‍ മാവോവാദികളുടെ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് പ്രത്യേക ദൗത്യ സംഘം പ്രദേശത്ത് എത്തുന്നത്. ആദ്യം വെടിയുതിർത്തത് മാവോവാദികളാണെന്നാണ് ഔദ്യോഗിക വിശദീകരണം ലഭിച്ചത്. പിന്നീട് നടന്ന ഏറ്റുമുട്ടലിലാണ് അഞ്ച് മാവോവാദികൾ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഇവരെ റായ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മേഖലയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ബിഎസ്എഫ്, ഛത്തീസ്ഗഡ് മാവോവാദി വിരുദ്ധ സേന എന്നിവര്‍ സംയുക്തമായി നടത്തിയ നീക്കത്തിലാണ് 5 മാവോയിസ്റ്റുകളെ വധിച്ചത്.