ന്യൂഡല്‍ഹി: ടോള്‍ പിരിവിനുള്ള നിലവിലെ സംവിധാനം ഒരുവര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. തടസ്സമില്ലാതെ യാത്ര ഉറപ്പാക്കുന്നതിനുള്ള പുതിയ ഒരു ഇലക്ട്രോണിക് സംവിധാനം ഒരുക്കുമെന്നാണ് മന്ത്രി ഉറപ്പുനല്‍കിയിരിക്കുന്നത്. ദേശീയപാതകളില്‍ പുതുതായി ഒരുക്കാന്‍ ഉദേശിക്കുന്ന ഈ സംവിധാനം പത്ത് സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.നിലവില്‍ ടോള്‍ പിരിക്കുന്ന സംവിധാനം പരമാവധി ഒരു വര്‍ഷം കൂടി മാത്രമേ തുടരുകയുള്ളൂവെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ടോള്‍ പിരിവിന്റെ പേരില്‍ വാഹനവുമായി പോകുന്ന ആളുകളെ തടയാന്‍ ഇനി റോഡില്‍ ആരുമുണ്ടാകില്ല. ഇലക്ട്രോണിക്‌സ് ടോള്‍ പിരിവിന്റെ കാലമാണ് വരാന്‍ പോകുന്നതെന്നും കഴിഞ്ഞ ദിവസം ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ടോള്‍ പിരിവിന്റെ കാര്യത്തില്‍ മുമ്പും അദ്ദേഹം സമാന നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ത്യയിലുടനീളം 10 ലക്ഷം കോടി രൂപ ചിലവില്‍ 4500 ഹൈവേ പ്രോജക്ടുകളാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം ഹൈവേകളില്‍ ടോള്‍ പിരിക്കുന്നതിനായി നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (എന്‍ഇടിസി) എന്നിവര്‍ പുതിയ പ്രോഗ്രാം വികസിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഫാസ്ടാഗിന്റെ സഹായത്തോടെ ടോള്‍ പ്ലാസയില്‍ നിര്‍ത്താതെ തന്നെ ഉപയോക്താവിന്റെ അകൗണ്ടില്‍ നിന്ന് പണം ഈടാക്കുന്ന സംവിധാനമായിരിക്കും ഒരുങ്ങുകയെന്നാണ് വിലയിരുത്തല്‍.ടോള്‍ പ്ലാസകളിലെ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കുന്നതിനായി 2019-ലാണ് ഫാസ്ടാഗ് സംവിധാനം ഒരുക്കിയത്. എന്നാല്‍, സാറ്റലൈറ്റ് അധിഷ്ഠിതമായ ടോള്‍ സംവിധാനം പ്രാവര്‍ത്തികമാക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ആലോചിക്കുന്നതെന്നാണ് മന്ത്രി മുമ്പ് അറിയിച്ചിട്ടുള്ളത്. ടോള്‍ ഈടാക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യുന്ന വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടെ സഞ്ചരിച്ച ദൂരം കണക്കാക്കി വാഹന ഉടമയുടെ അക്കൗണ്ടില്‍ നിന്ന് ടോളിനുള്ള പണം ഈടാക്കുന്ന സംവിധാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇതിനുപുറമെ, ടോള്‍ പിരിക്കുന്നതിനായി വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് റീഡ് ചെയ്യുന്ന കംപ്യൂട്ടറൈസ്ഡ് സംവിധാനം ഒരുക്കുക എന്ന ആശയവും മന്ത്രി ഉന്നയിച്ചിരുന്നു. നമ്പര്‍ പ്ലേറ്റ് റീഡ് ചെയ്ത് ടോള്‍ ഈടാക്കുന്ന രീതിയോടാണ് വ്യക്തിപരമായി താന്‍ യോജിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു അഭിപ്രായം. ഈ രണ്ട് രീതികളും സര്‍ക്കാര്‍ പരീക്ഷിക്കുന്നുണ്ടെന്നും വൈകാതെ തന്നെ അന്തിമ തീരുമാനം സ്വീകരിക്കുമെന്നും മന്ത്രി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അസംബ്ലി സെഷനില്‍ അറിയിച്ചിരുന്നു.











