കൊല്ലം നിലമേലില്‍ രണ്ടുപേര്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന ആരോപണത്തിന് പിന്നാലെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഹോട്ടല്‍ പൊലീസ് പൂട്ടിച്ചു. ഹോട്ടലില്‍ നിന്ന് മീന്‍ വിഭവം കഴിച്ചതിന് പിന്നാലെയാണ് ഇരുവരുടേയും ശരീരം തളര്‍ന്നുപോയതെന്ന് മരിച്ചവരുടെ ബന്ധു പറഞ്ഞു. കൊല്ലം സ്വദേശികളായ റഷീദ ബീവിയും ഷാജിയുമാണ് മരിച്ചത്. റഷീദയുടെ മകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഗുരുതരാവസ്ഥയിലുള്ള സജിമോളെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.ആറ് പേര്‍ ഒരുമിച്ചാണ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള മറ്റ് മൂന്നുപേര്‍ക്കും കുഴപ്പമില്ലെങ്കിലും മീന്‍ വിഭവം കഴിച്ചയുടന്‍ മൂന്ന് പേര്‍ തളര്‍ന്നുവീഴുകയായിരുന്നു. മീന്‍മുട്ടയും കണവത്തോരനും കൊഞ്ചും ഉള്‍പ്പെടെയുള്ള കറികളാണ് ഇവര്‍ കഴിച്ചത്. റഷീദ ബീവി പ്ലാച്ചിയോട് ചായക്കടയും ഷാജിയും സജിമോളും ചേര്‍ന്ന് നിലമേല്‍ വൈദ്യശാല മുക്കില്‍ ചായക്കടയും നടത്തി വരികയായിരുന്നു. ഇന്നലെയാണ് കുടുംബം വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. മീന്‍ വിഭവം കഴിച്ചതിന് പിന്നാലെ ആദ്യം റഷീദ ബീവിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നാലെ മകള്‍ക്കും തുടര്‍ന്ന് മരുമകനും പ്രശ്‌നങ്ങളുള്ളതായി പറയുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഷാജി മരിച്ചത്.ഭക്ഷണത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ ഭക്ഷ്യവിഷബാധ ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നെന്ന് സ്ഥിരീകരിക്കാനാകൂ. റഷീദയും കുടുംബവും ഭക്ഷണം കഴിച്ച ഞായറാഴ്ച ദിവസം അഞ്ഞൂറിലേറെ പേര്‍ ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നുവെന്നും മറ്റാര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നുമാണ് ഹോട്ടല്‍ ഉടമയുടെ വിശദീകരണം. പൊലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് ഹോട്ടല്‍ താത്ക്കാലികമായി പൂട്ടിയിരിക്കുന്നത്.






