ദോഹ: ഓസ്ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ഫിഫ അണ്ടര്‍-17 ലോകകപ്പ് കിരീടം സ്വന്തമാക്കി. പോര്‍ച്ചുഗലിന്റെ ആദ്യത്തെ അണ്ടര്‍-17 കിരീടമാണിത്. 48 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും യൂറോപ്യന്‍ ടീമുകള്‍ നേടി.32-ാം മിനിറ്റില്‍ ബെന്‍ഫിക്കയുടെ മുന്നേറ്റനിര താരം അനിസിയോ കബ്രാള്‍ ആണ് പോര്‍ച്ചുഗലിന് കിരീടം നേടിക്കൊടുത്ത വിജയഗോള്‍ സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ കബ്രാളിന്റെ ഏഴാമത്തെ ഗോളായിരുന്നു ഇത്. അതിനേക്കാള്‍ ഒരു ഗോള്‍ അധികം നേടിയ ഓസ്ട്രിയയുടെ യോഹാനസ് മോസറാണ് ഗോള്‍ഡന്‍ ബോള്‍ ജേതാവായത്.ഖത്തറാണ് ടൂര്‍ണ്ണമെന്റിന് ആതിഥേയത്വം വഹിച്ചത്, അടുത്ത നാല് വര്‍ഷങ്ങളിലും അവര്‍ തന്നെയായിരിക്കും ആതിഥേയത്വം വഹിക്കുക.നേരത്തെ ദോഹയില്‍ നടന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരം 0-0ന് സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഷൂട്ടൗട്ടില്‍, ഗോള്‍കീപ്പര്‍ അലസ്സാന്‍ഡ്രോ ലോംഗോണി രണ്ട് പെനാല്‍റ്റികള്‍ തടുത്തതോടെ ഇറ്റലി 4-2ന് ബ്രസീലിനെ പരാജയപ്പെടുത്തി.











