രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായി അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. വകുപ്പുകളെല്ലാം അറിഞ്ഞു. ജാമ്യാപേക്ഷ എവിടെ ഫയൽ ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. വലിയമല സ്‌റ്റേഷനിലാണ് ആദ്യം കേസെടുത്തിരുന്നത് എന്നാൽ പിന്നീട് നേമത്തേയ്ക്ക് മാറ്റി. ഗോൾപോസ്റ്റ് എവിടെയാണെന്ന് അറിഞ്ഞാൽ മാത്രമല്ലേ ഗോൾ അടിക്കാൻ കഴിയൂവെന്നും FIR വിശദാംശങ്ങൾ ലഭ്യമായെന്നും കേസിൽ പൊലീസിന് വ്യക്തത വന്നിട്ടില്ലെന്നും അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം പറഞ്ഞു.രാഹുൽ നഗ്നദൃശ്യങ്ങൾ പകർത്തിയെന്നും ഈ ദൃശ്യങ്ങൾവെച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും FIR ലുണ്ട്. പാലക്കാട് എത്തിച്ച് മൂന്ന് ഇടങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നും ഗുരുതര പരാമർശമുണ്ട്. രാഹുൽ വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് ഇറക്കിയിട്ടുണ്ട്.അതേസമയം, രാഹുൽ മാങ്കൂട്ടം ഇപ്പോഴും ഒളിവിൽ തന്നെ തുടരുകയാണ്. അടൂരിലെ നെല്ലിമുകളിലെ വീട്ടിലും രാഹുൽ എത്തിയിട്ടില്ല. കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. ഒളിവിൽ പോവുന്നതിന് മുമ്പ് രാഹുൽ ഔദ്യോഗിക വാഹനം ഒഴിവാക്കി സുഹൃത്തിൻ്റെ വാഹനത്തിലേക്ക് മാറിയിരുന്നു. ഔദ്യോഗിക വാഹനത്തിലെ എംഎൽഎ ബോർഡ് അടക്കം എടുത്തുമാറ്റിയ നിലയിലാണ് ഓഫീസിലുള്ളത്. പാലക്കാടുള്ള എംഎൽഎ ഓഫീസ് അല്പസമയം മുൻപാണ് ജീവനക്കാരെത്തി തുറന്നത്. രാഹുലിന്റെ വീട്ടിലടക്കം പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.








