യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ ഏറ്റുമുട്ടിയപ്പോള്‍ അപ്രതീക്ഷിത പരാജയവും വിജയവും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ഒരുപോലെ വിജയക്കുതിപ്പ് തുടരുന്ന ആര്‍സനല്‍ ബയേണ്‍ മ്യൂണിക്കുമായി നടന്ന മത്സരത്തില്‍ 3-1 സ്‌കോറില്‍ ആധികാരിക വിജയമായിരുന്നു ഗണ്ണേഴ്‌സിന്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു പ്രമുഖ ക്ലബ്ബായ ലിവര്‍പൂള്‍ പക്ഷേ ഡച്ച് ക്ലബ്ബ് ആയ പി.എസ്.വിയോട് തോറ്റു. 4-1 സ്‌കോറിലായിരുന്നു ലിവര്‍പൂളിന്റെ പരാജയം. വമ്പന്‍ ടീമുകള്‍ക്കെല്ലാം വെല്ലുവിളിയായ മത്സരങ്ങളാണ് ലീഗിലെ പ്രാഥമിക റൗണ്ടില്‍ നടക്കുന്നത്. സ്പാനിഷ് ലീഗില്‍ നിന്നുള്ള ശക്തരായ റയല്‍ മാഡ്രിഡ് ഒളിമ്പിയകോസിനോട് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 3-4 സ്‌കോറിലായിരുന്നു റയലിന്റെ വിജയം. ടോട്ടന്‍ഹാം ആകട്ടെ പി.എസ്.ജിയോട് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. മത്സരത്തില്‍ അഞ്ചു ഗോളുകള്‍ കണ്ടെത്തിയ പി.എസ്.ജി മൂന്ന് ഗോളുകള്‍ വഴങ്ങി. അത് ലറ്റികോ മഡ്രിഡും ഇന്റര്‍ മിലാനും തമ്മില്‍ നടന്ന മറ്റൊരു മത്സരത്തില്‍ 2-1 ന് അത്ലറ്റികോ വിജയിച്ചു. ഇതുവരെയുള്ള മത്സരങ്ങളെല്ലാം വിജയിച്ച ആര്‍സനല്‍ തന്നെയാണ് പോയിന്റ് ടേബിളില്‍ ഒന്നാമത്. പിഎസ്ജി രണ്ടാം സ്ഥാനക്കാരായും ബയേണ്‍ മ്യൂണിക് മൂന്നാമതായും ടേബിളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.











