ലേബർ കോഡിന് സംസ്ഥാന തൊഴിൽ വകുപ്പ് കരട് ചട്ടം തയ്യാറാക്കിയത് കേന്ദ്രത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയല്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളം മാത്രമാണ് ലേബർ കോഡുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകാത്തത്. പി എം ശ്രീക്ക് സമാനമായ സംഭവമല്ല ലേബർ കോഡ് വിഷയത്തിൽ സ്വീകരിക്കുകയെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.ഇന്ന് ചേരുന്ന ട്രേഡ് യൂണിയൻ യോഗത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കും. കരട് തയ്യാറാക്കിയതിൽ രഹസ്യ സ്വഭാവമില്ല. അത് തന്നെയാണ് കേരളത്തിന്റെ നിലപാട്. കേന്ദ്ര തൊഴിൽ മന്ത്രി വിളിച്ച യോഗത്തിൽ നടപ്പാക്കില്ലെന്ന നിലപാട് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന് ഇതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോയെന്നും, ഒരു മുദ്രാവാക്യമെങ്കിലും പ്രതിപക്ഷം ഇതിനെതിരെ വിളിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.ലേബർകോഡ് വിഷയത്തിൽ അധ്വാനിക്കുന്നവർക്ക് ഒപ്പമാണ് എൽഡിഎഫെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. ആ അർത്ഥം മനസിലാക്കാത്ത ഉദ്യോഗസ്ഥരാണ് ചട്ടം തയ്യാറാക്കിയത്. അത്തരം ഉദ്യോഗസ്ഥൻന്മാരെ നിലക്ക് നിർത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബർ കോഡിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്.രാജ്യത്തെ പത്ത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രദേശിക തലങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. തൊഴിൽ കോഡുകൾ പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി.









