കുന്നംകുളം : ആനയെ വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് 62.75 ലക്ഷം രൂപ തട്ടിയതായി പരാതി. പുതുശ്ശേരി സ്വദേശി സൈലേഷ്, അസം സ്വദേശി അബ്ദുൾഹമീദ് ഖാൻ എന്നിവരാണ് പണം തട്ടിയതെന്നാണ് പരാതിയിൽ പറയുന്നത്. ആർത്താറ്റ് സ്വദേശി ഉങ്ങുങ്ങൽ പ്രമോദാണ് കുന്നംകുളം പൊലീസിൽ പരാതി നൽകിയത്.നാഗാലാൻഡ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയെ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. 2023 മാർച്ച് 23 മുതൽ 2025 ഫെബ്രുവരി വരെ പല തവണകളായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്.65 ലക്ഷം രൂപയാണ് ആനയുടെ വിലയായി പറഞ്ഞിരുന്നത്. നാഗാലാൻഡ് സ്വദേശിയുടെ ബന്ധുവിന്റെ അക്കൗണ്ടിലേക്ക് രണ്ടുതവണകളായി 35 ലക്ഷം രൂപയും, അബ്ദുൾ ഹമീദ് ഖാന്റെ അക്കൗണ്ടിലേക്ക് രണ്ടു തവണകളിലായി 15 ലക്ഷം രൂപയുമാണ് അയച്ചത്. 12.27 ലക്ഷം രൂപ സൈലേഷിന്റെ ബന്ധുക്കളുടെ അക്കൗണ്ടിലേക്കും കൈമാറി. പലതവണ ആവശ്യപ്പെട്ടെങ്കിലും ആനയെ കിട്ടാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്.










