തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍. സംസ്ഥാനത്താകെ 75,632 സ്ഥാനാര്‍ഥികളാണുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മലപ്പുറത്താണ്. കാസര്‍ഗോഡാണ് കുറവ് സ്ഥാനാര്‍ഥികളുള്ളത്.36027 പുരുഷ വോട്ടര്‍മാരും 39604 സ്ത്രീ വോട്ടര്‍മാരുമാണ് സംസ്ഥാനത്തുള്ളത്
നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ മുപ്പത്തി അയ്യായിരത്തോളം പേരാണ് മത്സരത്തില്‍ നിന്ന് പിന്മാറിയത്. പടലപ്പിണക്കത്തെ തുടര്‍ന്ന് പത്രിക നല്‍കിയ നിരവധി പേര്‍ പിന്മാറിയെങ്കിലും വിമതശല്യം പൂര്‍ണമായും ഒഴിയുന്നില്ല. കോഴിക്കോട് കുന്ദമംഗലം ബ്ലോക് പഞ്ചായത്തിലെ മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി അനിത അനീഷ് പ്രതികരിച്ചു. മുന്‍ എംപി രമ്യാ ഹരിദാസിന്റെ മാതാവാണ് പൂവാട്ടുപറമ്പ് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി.
മന്ത്രി വി എന്‍ വാസവനെ പുകഴ്ത്തിയ നേതാവ് ഉള്‍പ്പെടെ കോട്ടയത്ത് ഒമ്പത് വിമതരെ കോണ്‍ഗ്രസ് പുറത്താക്കി. സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് കാസര്‍ഗോഡ് കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം പൊട്ടിത്തെറിയിലെത്തി. ഡിസിസി അധ്യക്ഷന്‍ പി കെ ഫൈസലിനെതിരെ ആരോപണം ഉന്നയിച്ച് വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കല്‍ രാജിവച്ചു. ഇരുപത് ലക്ഷം രൂപയ്ക്ക് സീറ്റ് വിറ്റെന്ന് ആരോപിച്ച് തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ നഗരത്തില്‍ പോസ്റ്ററുകള്‍ പതിച്ചു.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങിയ തൃശൂര്‍ മാള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി രവീന്ദ്രനെ സിപിഐഎം പ്രാഥമിക പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എറണാകുളത്ത് നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ജില്ലാ പഞ്ചായത്തിലെ UDF സ്ഥാനാര്‍ഥി എല്‍സി ജോര്‍ജ് നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. തിരഞ്ഞെടുപ്പ് ട്രൈബ്യൂണലിനെ സമീപിക്കാനാണ് നിര്‍ദേശം. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വിമതരായി രംഗത്തെത്തിയ രണ്ട് വിമതസ്ഥാനാര്‍ഥികളെയും ഇവരെ പിന്തുണച്ചവരെയും മുസ്ലിം ലീഗ് സസ്‌പെന്‍ഡ് ചെയ്തു. കൊച്ചി കോര്‍പറേഷനില്‍ വിമത സ്ഥാനാര്‍ഥി വനിതാ ലീഗ് ജില്ലാ സെക്രട്ടറി സജി കബീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കോര്‍പ്പറേഷനിലെ മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് പാലാരിവട്ടം, ഗിരിനഗര്‍ വാര്‍ഡുകളിലെ UDF വിമതര്‍. ഇതിനിടെ പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് BJP മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും, കൊച്ചി കോര്‍പ്പറേഷനില്‍ കൗണ്‍സിലറുമായിരുന്ന ശ്യാമള എസ് പ്രഭു പാര്‍ട്ടി വിട്ടു.പാലക്കാട് അട്ടപ്പാടിയില്‍ സ്ഥാനാര്‍ഥിക്കെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജംഷീറിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. അതേസമയം സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പരാതിയില്‍ BJP നേതാക്കള്‍ക്കെതിരെ കേസെടുത്തു









