ദുബായ്: ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും വീണ്ടും ക്രിക്കറ്റിൽ മുഖാമുഖം വരുന്നു. അടുത്ത വർഷം ആദ്യം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കുന്ന ടി20 ലോകകപ്പിലാണ് ഇരുവരും ഏറ്റുമുട്ടുക. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം കൊളംബോയിലാണ് നടക്കുന്നത്. പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടതോടെയാണ് ആവേശപ്പോരിന് കളമൊരുങ്ങുന്നത്. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെയാണ് ടൂർണമെന്റ് നടക്കുക.20 ടീമുകൾ നാല് ഗ്രൂപ്പുകളിലായി പ്രാഥമിക ഘട്ടത്തിൽ ഏറ്റുമുട്ടുന്നത്. ഓരോ ഗ്രൂപ്പിൽനിന്ന് രണ്ട് ടീമുകൾ സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടും.ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പ് എയിലാണ് ഉൾപ്പെടുന്നത്. താരതമ്യേന ദുർബലരായ നെതർലൻഡ്സ്, യുഎസ്എ, നമീബിയ തുടങ്ങിയ ടീമുകളാണ് ഗ്രൂപ്പിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും എതിരാളികളായി വരുന്നത്.











