തൃശൂര്‍ ചെറുതുരുത്തിയില്‍ റോഡ് ബ്ലോക്ക് ചെയ്ത് വിവാഹഘോഷയാത്ര നടത്തിയവരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. വെട്ടിക്കാട്ടിരി കെ.ജെ.എം.ഓഡിറ്റോറിയത്തില്‍ നടത്തിയ വിവാഹവിരുന്നാണ് കല്ലേറിലും കൂട്ടത്തല്ലിലും കലാശിച്ചത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഓഡിറ്റോറിയത്തിലേക്കുള്ള വിവാഹപാര്‍ട്ടിയുടെ വരവ് വലിയ ഗതാഗതക്കുരുക്കുണ്ടാക്കി. ആഡംബരക്കാറുകളുടെ നീണ്ട നിരയായിരുന്നു റോഡില്‍. ഇതുവഴി വന്ന ആംബുലന്‍സ് ബ്ലോക്കില്‍ കുടുങ്ങിയതോടെ നാട്ടുകാര്‍ രോഷാകുലരായി. പരസ്പരം വാക്കേറ്റവും ഉന്തും തള്ളുമായി
നാട്ടുകാര്‍ സംഘടിച്ചതോടെ വിവാഹപാര്‍ട്ടിക്കെത്തിയവരും മറുവശത്ത് അണിനിരന്നു. വാക്കേറ്റം കയ്യാങ്കളിയായി. ഇരുകൂട്ടരും പരസ്പരം കല്ലെറിഞ്ഞു. തൊട്ടുപിന്നാലെ ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പൊലീസ് ലാത്തിവീശി. അതോടെ കല്ലേറ് ശക്തമായി. പൊലീസുദ്യോഗസ്ഥര്‍ക്കും കല്ലേറില്‍ പരുക്കേറ്റു. തുടര്‍ന്ന് പൊലീസ് ശക്തമായി ഇടപെട്ടു. ഒട്ടേറെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു
പൊലീസുകാര്‍ക്ക് പരുക്കേറ്റതോടെ അക്രമം കാട്ടിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയേക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഒന്നരമണിക്കൂറിലേറെ നീണ്ടുനിന്ന ഏറ്റുമുട്ടലിനും പൊലീസ് നടപടിക്കും ശേഷമാണ് സ്ഥിതി ശാന്തമായത്.







