മുളങ്കുന്നത്തുകാവ് (തൃശൂർ) ∙ രാഗം തിയറ്റർ നടത്തിപ്പുകാരൻ സുനിൽകുമാറിനെയും (55) ഡ്രൈവർ വെളപ്പായ ചെല്ലാരി അജീഷിനെയും (25) വീടിനു മുന്നിൽ വെട്ടിപ്പരുക്കേൽപ്പിച്ചത് ക്വട്ടേഷൻ സംഘമെന്ന് പൊലീസ്. ആക്രമണ കാരണം വ്യക്തമല്ലെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും രാഗം തിയറ്ററിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട തർക്കം തന്നെയാകാം ക്വട്ടേഷനു കാരണമെന്നു സംശയിക്കുന്നു. തിയറ്ററിന്റെ മുൻ ഉടമകളുമായി തർക്കവും കേസും നിലവിലുണ്ടായിരുന്നെങ്കിലും സമീപകാലത്ത് ഒത്തുതീർപ്പിലെത്തിയിരുന്നു. പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല
വെളപ്പായ റോഡ് ജംക്‌ഷനു സമീപത്തുവച്ചാണ് വ്യാഴാഴ്ച രാത്രി 9.30നു സുനിലിനെയും ഡ്രൈവർ അജീഷിനെയും മൂന്നംഗ മുഖംമൂടി സംഘം മാരകമായി ആക്രമിച്ചത്. വെട്ടേറ്റ് കയ്യിലെ അസ്ഥി പൊട്ടിയ അജീഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സുനിലിന്റെ ഇടതുകാലിൽ വെട്ടേറ്റ ഭാഗത്തു മുപ്പതോളം തുന്നലുണ്ട്. രാഗം തിയറ്ററിന്റെ ഉടമസ്ഥത സംബന്ധിച്ച തർക്കത്തിന്റെ പേരിൽ ക്വട്ടേഷൻ ആക്രമണ സാധ്യതയുണ്ടെന്നു സുഹൃത്തുക്കൾ മുന്നറിയിപ്പു നൽകിയിരുന്നു എന്നു സുനിൽ പ്രതികരിച്ചു. എറണാകുളത്തു നിന്നു വെളപ്പായയിലെ വീട്ടിലേക്കു മടങ്ങിയെത്തുന്ന സമയത്തായിരുന്നു ആക്രമണം
വീടിന്റെ ഗേറ്റ് തുറന്നു കാർ അകത്തേക്കു കയറ്റാൻ ഡ്രൈവർ അജീഷ് ഡോർ തുറന്നു പുറത്തേക്കിറങ്ങിയപ്പോൾ ഇരുളിൽ നിന്നു 3 പേർ വടിവാളുമായി ഓടിയെത്തി വെട്ടുകയായിരുന്നു. സുനിൽ ഡോർ തുറക്കാൻ വിസമ്മതിച്ചപ്പോൾ ഗുണ്ടാസംഘം ചുറ്റികയിൽ തുണിചുറ്റി കാറിന്റെ വശത്തെ ചില്ലടിച്ചു തകർത്തു. വടിവാളും കത്തിയും ഉപയോഗിച്ച് അവർ വണ്ടിക്കുള്ളിലിരുന്ന സുനിലിനെ വെട്ടുകയും കുത്തുകയും ചെയ്തു. തടയാൻ ശ്രമിച്ചപ്പോൾ കൈവിരലുകൾ ആഴത്തിൽ മുറിഞ്ഞു. ഇടംകാലിന്റെ പേശിയിൽ ആഴത്തിൽ വെട്ടേറ്റു. തന്നെ വാഹനത്തിന്റെ ഉള്ളിലിട്ടു തീയിടാനായിരുന്നു അക്രമികളുടെ ശ്രമമെന്നു സംശയിക്കുന്നതായി സുനിൽ പറഞ്ഞു. ബഹളം കേട്ടു സമീപവാസികൾ ഓടിയെത്തിയപ്പോൾ മുഖംമൂടി സംഘം കടന്നുകളഞ്ഞു. നാട്ടുകാരാണ് ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്






